Sorry, you need to enable JavaScript to visit this website.

തലസ്ഥാനം ചുവന്നു

തിരുവനന്തപുരം- തലസ്ഥാനം പിടിച്ചാല്‍ സംസ്ഥാനം പിടിക്കാം എന്ന നിരീക്ഷണത്തിന് ബലം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വരുത്. ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസ് കാത്തിരുന്ന അരുവിക്കര, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡങ്ങള്‍ അടക്കം കോണ്‍ഗ്രസിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. കോവളം മാത്രമാണ് യു.ഡി.എഫിന് ഒപ്പം നില്‍ക്കുന്നത്.
എല്ലാവരും ഉറ്റുനോക്കിയ നേമം ബി.ജെ.പി നിലനിര്‍ത്തുമെന്ന സൂചനയും പുറത്ത് വരുന്നു. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്താകുമെറിയാന്‍ ഫോട്ടോ ഫിനിഷ് വരെ കാത്തിരിക്കണം.
ഏറെ ചിട്ടയോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മികവും, ഇതിനൊപ്പം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് എല്‍.ഡി.എഫിനെ തുണച്ചത് എങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും, സംഘടനാ സംവിധാനത്തിലെ ദൗര്‍ബല്യവും യു.ഡി.എഫിന് വിനയായി. ജാതി സമവാക്യങ്ങള്‍ കാര്യമായി യു.ഡി.എഫിനെ സഹായിച്ചുമില്ല. നെയ്യാറ്റിന്‍കര, പാറശ്ശാല, അരുവിക്കര മണ്ഡലങ്ങളിലെ ലീഡ് നില ഇതാണ് കാണിക്കുത്. പകുതി മണ്ഡലങ്ങളിലെങ്കിലും വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ യു.ഡി.എഫിന് ഒരു സീറ്റ് കൊണ്ട് തൃപ്തിയടയേണ്ടി വരുമെന്ന സൂചനയിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം പോകുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ പിന്നാക്കം പോകുമെന്ന് എല്‍.ഡി.എഫ് കണക്ക് കൂട്ടിയെങ്കിലും അവിടെയും എല്‍.ഡി.എഫ് മുന്നേറുകയാണ്. ഈ ലീഡ് നില അവസാനം വരെ പോകാനാണ് സാധ്യത കാണുന്നതും.
അട്ടിമറി പ്രതീക്ഷിച്ച കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ മികച്ച ലീഡാണ് നേടിയിരിക്കുന്നത്. സിറ്റിംഗ് സീറ്റുകളില്‍ എല്‍.ഡി.എഫിന് കാര്യമായ വെല്ലുവിളികളില്ല. നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട, ചിറയിന്‍കീഴ്, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ തുടങ്ങിയ സിറ്റിംഗ് സീറ്റുകളില്‍ കാര്യമായ ഭീഷണി എല്‍.ഡി.എഫിനില്ല.

 

Latest News