കോട്ടയം - എക്‌സിറ്റ് പോളുകളിൽ പാലായിൽ ജോസ് കെ.മാണിക്ക് മേൽക്കൈ പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ ചിരി ആരുടേതായിരിക്കും. ഇടതു സ്ഥാനാർഥി ജോസ് കെ.മാണി വിജയം സുനിശ്ചിതമാണെന്ന് ആവർത്തിക്കുമ്പോൾ പാലായിലെ സർവേ യു.ഡി.എഫിന് അനുകൂലമാണെന്ന് മാണി സി.കാപ്പൻ തിരിച്ചടിച്ചു. ജോസ് കെ.മാണിയുടെ വിജയം സുനിശ്ചിതമെന്ന് എൽ.ഡി.എഫ് പാലാ മണ്ഡലം മീഡിയ സെൽ ചെയർമാൻ ബെന്നി മൈലാടൂരും ജനറൽ കൺവീനർ ജയ്സൺ മാന്തോട്ടവും പറഞ്ഞു.
ബി.ജെ.പി വോട്ടുകളിൽ ഒരു ഭാഗം യു.ഡി.എഫിന് അനുകൂലമായി മറിച്ചിട്ടുണ്ടെങ്കിലും എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ഒരു വിധത്തിലും ബാധിക്കുകയില്ല. ജോസ് കെ.മാണിയെ വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള പ്രചാരണത്തെ വോട്ടർമാർ തള്ളിക്കളഞ്ഞു. പാലാ ഉൾപ്പെട്ട മണ്ഡലത്തിൽ ഇത് നാലാം തവണയാണ് ജോസ് കെ.മാണി മത്സരിക്കുന്നത്. പാലായിൽ നാലു തവണ മത്സരിച്ച കോൺഗ്രസിന് കനത്ത പരാജയമാണ് നാലു തെരഞ്ഞെടുപ്പിലും ലഭിച്ചത്. പതിനഞ്ചാമത് തെരഞ്ഞെടുപ്പാണ് പാലായിൽ ഇപ്പോൾ നടന്നത്. 1980 ലും 2019 ലും എൽ.ഡി.എഫാണ് വിജയിച്ചത്. 13 തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസും കെ.എം മാണിയുമാണ് വിജയിച്ചതെന്നും അവർ പറഞ്ഞു.
പതിനയ്യായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലായിൽ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലാ യു.ഡി.എഫ് മണ്ഡലമാണ്. പാലായിലെ ജനങ്ങളുടെ സർവേ യു.ഡി.എഫിന് അനുകൂലമാണ്. യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ വീടുകളിലിരുന്നു തെരഞ്ഞെടുപ്പ് ഫലം കാണണമെന്നാണ് തീരുമാനം. എലത്തൂരിൽ മികച്ച മത്സരം എൻ.സി.കെ കാഴ്ചവെച്ചിട്ടുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടുണ്ടെന്നും മാണി സി.കാപ്പൻ പറഞ്ഞു.
കൂടെ നിന്ന് ചതിക്കുന്ന കോൺഗ്രസ് അല്ല, വിശ്വസ്തതയോടെ കൂടെ നിന്ന് ഒപ്പം പോരാടുന്നവരാണ് എൽ.ഡി.എഫ് ഘടക കക്ഷികളെന്ന് കേരള കോൺ (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനുമായ ഫിലിപ്പ് കുഴികുളം പറഞ്ഞു. എൽ.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനം പാലായിൽ യു.ഡി.എഫിനെ നിഷ്പ്രഭമാക്കി. എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ പാലാ നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വികസനവും നാടിന്റെ പുരോഗതിയും സാമൂഹിക കരുതലും ആഗ്രഹിച്ച വോട്ടർമാർ എൽ.ഡി.എഫിന് വോട്ടു ചെയ്തു. പല തവണ അധികാരത്തിൽ വരികയും പാലാക്കാരനായ കോൺഗ്രസ് നേതാവ് കേന്ദ്ര മന്ത്രിയാവുകയും ചെയ്തിട്ടും പാലായ്ക്കായി ഒന്നും ചെയ്യാത്തത് യു.ഡി.എഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസിന് വിനയായതായി അവർ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി വിവരിക്കുന്ന 462 കോടിയുടെ വികസനം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. പാലായിൽ പോളിംഗ് ശതമാനം 2016-നേക്കാൾ അൽപം കുറഞ്ഞുവെങ്കിലും എൽ.ഡി.എഫ് വോട്ടുകൾ മുഴുവനായി ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.