തിരുവനന്തപുരം- സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെ തുടർന്ന് ടെസ്റ്റിന് വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് നടത്താത്ത ലാബുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. 240 രൂപയാണ് ടെസ്റ്റിന്റെ കിറ്റിന് വേണ്ടി വരുന്ന ചെലവ്. മനുഷ്യവിഭവത്തിന്റെ കൂടി ചെലവ് കണക്കാക്കിയാണ് 500 രൂപ നിശ്ചയിച്ചത്. പരാതി ചർച്ച ചെയ്യാമെന്നും എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരിക്കലും സ്വീകരിക്കാൻ പാടില്ല. അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് വിട്ടുകൊടുക്കാനാകില്ല. ഇത്തരം നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷം സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. എല്ലാവരും സഹകരിക്കണമെന്നും സർക്കാർ അതാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് നടത്തില്ലെന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. ട്രൂനാറ്റ് ടെസ്റ്റിന് ചില ലാബുകൾ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.