Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുകളുള്ള വിദേശ എൻജിനീയർമാരില്ല

റിയാദ് - നിലവിൽ സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന വിദേശ എൻജിനീയർമാരില്ലെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് സ്വാലിഹ് അൽഉമർ പറഞ്ഞു. മുഴുവൻ വിദേശ എൻജിനീയർമാർക്കും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വിദേശ എൻജിനീയർമാർക്ക് പുതിയ ഇഖാമകൾ അനുവദിക്കുന്നതിനെയും ഇഖാമകൾ പുതുക്കുന്നതിനെയും കൗൺസിൽ രജിസ്‌ട്രേഷനുമായി ബന്ധപ്പിച്ചിട്ടുണ്ട്. 
രജിസ്‌ട്രേഷന് സമീപിക്കുന്ന വിദേശ എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ ഉറവിടങ്ങളിൽ നിന്ന് നേരിട്ട് വെരിഫിക്കേഷൻ നടത്തി വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുകയാണ് കൗൺസിൽ ചെയ്യുന്നത്. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശ എൻജിനീയർമാരുടെ പക്കൽ വ്യാജ സർട്ടിഫിക്കറ്റുകളില്ലെന്നും സ്വാലിഹ് അൽഉമർ പറഞ്ഞു. 
കഴിഞ്ഞ കൊല്ലം വിവിധ രാജ്യക്കാരായ വിദേശികളുടെ പക്കൽ 725 വ്യാജ എൻജിനീയറിംഗ്, ടെക്‌നിക്കൽ സർട്ടിഫിക്കറ്റുകൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് കണ്ടെത്തിയതായി കൗൺസിൽ സെക്രട്ടറി ജനറൽ എൻജിനീയർ ഫർഹാൻ അൽശമ്മരി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൗദിയിൽ അംഗീകാരമില്ലാത്ത 16,880 ഓളം എൻജനീയറിംഗ്, ടെക്‌നിക്കൽ സർട്ടിഫിക്കറ്റുകളും കഴിഞ്ഞ വർഷം വിദേശികളുടെ പക്കൽ കണ്ടെത്തി. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ ഇതുവരെ വിദേശികളായ 1,86,460 എൻജിനീയർമാരും 1,62,410 ടെക്‌നീഷ്യന്മാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷവാസാനത്തെ കണക്കുകൾ പ്രകാരം 13,470 ഓളം സൗദി എൻജിനീയർമാരും കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യകളിലായി 297 എൻജിനീയറിംഗ് കമ്പനികൾ പ്രവർത്തിക്കുന്നു. സൗദിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് പ്രൊഫഷനൽ പരീക്ഷകൾ നടത്തുന്ന ചുമതല സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെ സമീപ കാലത്ത് ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ ഏൽപിച്ചിട്ടുണ്ട്. 
സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ യോഗ്യരായ സ്വദേശി എൻജിനീയർമാരെ ലഭ്യമാക്കുന്നതിന് കൗൺസിൽ പുതിയ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഏഴായിരത്തോളം സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കൗൺസിൽ ഊർജിതമാക്കിയിട്ടുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഏഴായിരത്തോളം എൻജിനീയർമാർക്ക് കൗൺസിൽ തൊഴിൽ ലഭ്യമാക്കുന്നത്. വിദേശ എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനക്കും അഞ്ചു വർഷ പരിചയസമ്പത്ത് വ്യവസ്ഥ കർശനമായി നടപ്പാക്കാനും കൗൺസിൽ ഓഫ് സൗദി എൻജിനീയേഴ്‌സ് ശ്രമം തുടരുകയാണ്. 

Latest News