റിയാദ് - സൗദിയിലെ ആദ്യത്തെ വനിതാ അംബാസഡറെ നിയമിച്ച് ബെൽജിയം ചരിത്രത്തിൽ ഇടംനേടുന്നു. ഡൊമിനിക് മിന്വറെയാണ് റിയാദിലെ അംബാസഡറായി ബെൽജിയം നിയമിച്ചത്. ഇവർ നിലവിൽ യു.എ.ഇയിലെ ബെൽജിയം അംബാസഡറാണ്. അടുത്ത വർഷം മധ്യത്തോടെ അബുദാബിയിൽനിന്ന് റിയാദിലേക്ക് ഡൊമിനിക് മിന്വറെ മാറ്റുന്നതിന് തീരുമാനിച്ചതായി റിയാദ് ബെൽജിയം എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സിഗ്‌ഫ്രൈഡ് പെയ്‌നൻ പറഞ്ഞു. അടുത്ത വേനൽക്കാലത്തിന്റെ തുടക്കത്തിൽ പുതിയ അംബാസഡർ റിയാദിൽ ചുമതലയേൽക്കും. സൗദിയിൽ അടുത്ത കാലത്ത് നടപ്പാക്കിവരുന്ന സാമൂഹിക, സാമ്പത്തിക പരിഷ്‌കരണങ്ങളോടുള്ള പ്രതികരണമെന്നോണമാണ് ഒരു വനിതയെ റിയാദിലെ അംബാസഡറായി ബെൽജിയം നിയമിക്കുന്നതെന്ന് ബെൽജിയം ദേശീയ ചാനലായ വി.ആർ.ടി പറഞ്ഞു.
കുവൈത്തിൽ ജോർജിയയുടെ വനിതാ അംബാസഡറായി 2010 ൽ നിയമിതയായ യെകതരീന മജെറിംഗ് മികാസക്ക് നേരത്തെ സൗദി അറേബ്യ അടക്കം ഏതാനും അയൽ രാജ്യങ്ങളുടെ ചുമതല കൂടി നൽകിയിരുന്നു. 2015 ൽ ജോർജിയ സൗദി അറേബ്യയിൽ സ്വതന്ത്ര എംബസി സ്ഥാപിച്ചപ്പോൾ സൗദി അംബാസഡറായി പുരുഷനെയാണ് നിയമിച്ചത്. ബെൽജിയവും സൗദി അറേബ്യയും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. സൗദിയിൽ നിന്നുള്ള ബെൽജിയത്തിന്റെ ഇറക്കുമതി മൂന്നു വർഷത്തിനിടെ 40 ശതമാനം വർധിച്ചിട്ടുണ്ട്. 2014 ൽ 170 കോടി ഡോളറായിരുന്ന ഇറക്കുമതി കഴിഞ്ഞ വർഷം 250 കോടി ഡോളറായി ഉയർന്നു. ബെൽജിയത്തിൽ നിന്നുള്ള സൗദി ഇറക്കുമതി 2015 ൽ 380 കോടി ഡോളറായിരുന്നു. കഴിഞ്ഞ കൊല്ലം ഇത് 420 കോടി ഡോളറായി ഉയർന്നു.