കൊച്ചി- പോക്സോ കേസുകളിലെ ഇരയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രതിക്കെതിരായ കേസ് റദ്ദാക്കിയ ഉത്തരവുകള്‍ ഹൈക്കോടതി പിന്‍വലിച്ചു. രണ്ട് പോക്സോ കേസുകളിലും ഒരു ബലാത്സംഗ കേസിലും പ്രതികള്‍ക്കെതിരായ കേസുകള്‍ ഇരയുമായി ഒരുമിച്ചു ജീവിക്കുന്ന സാഹചര്യത്തില്‍ റദ്ദാക്കിയ ഉത്തരവുകളാണ് ജസ്റ്റിസ് എ.ഹരിപാല്‍ പിന്‍വലിച്ചത്.
പോക്സോ കേസുകളും ബലാല്‍സംഗ കേസുകളും ധാരണയുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി ശ്രദ്ധയില്‍പ്പെടാതെയാണ് കേസുകള്‍ റദ്ദാക്കിയതെന്നും കേസുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുകയാണെന്നും പുതിയ വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. കേസുകള്‍ റദ്ദാക്കിയ ഉത്തരവ് വിചാരണക്കോടതികളെ അറിയിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിച്ച കാര്യം വിചാരണക്കോടതികളെ അറിയിക്കാനും രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി.
വിവാഹത്തെ തുടര്‍ന്ന് ഒത്തുതീര്‍പ്പായ നിരവധി കേസുകളാണ് ഹൈക്കോടതി അവധിക്കാല ബെഞ്ചുകള്‍ റദ്ദാക്കിയത്. നേരത്തേ ഫയല്‍ ചെയ്ത കേസുകളായിരുന്നു ഇവ. എന്നാല്‍, ഒരു അവധിക്കാല ബെഞ്ചിന്റെ ഉത്തരവുകള്‍ മാത്രമാണ് പിന്‍വലിച്ചത്. കേസ് റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. ഉത്തരവ് പുനഃപരിശോധിക്കുന്നില്ലെന്നും പിന്‍വലിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയ കോടതി ഉത്തരവുകള്‍ പിന്‍വലിക്കുകയായിരുന്നു.