Sorry, you need to enable JavaScript to visit this website.

മന്ത്രി ഇ.പി. ജയരാജന്റെ മകന്റെ നിയന്ത്രണത്തിലുള്ള റിസോർട്ട് വിവാദം കൂടുതൽ തലങ്ങളിലേക്ക്‌

  • ചടങ്ങിൽ പങ്കെടുത്ത മമ്പറം ദിവാകരനെതിരെ പോസ്റ്റർ
     

കണ്ണൂർ - മന്ത്രി ഇ.പി. ജയരാജന്റെ മകന്റെ നിയന്ത്രണത്തിലുള്ള കമ്പനി, കുന്നിടിച്ച് ആഡംബര റിസോർട്ട് നിർമ്മിച്ച സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തു വന്നതിന് പിന്നാലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെതിരെ കോൺഗ്രസിലും പടയൊരുക്കം തുടങ്ങി. ദിവാകരനെതിരെ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഈ സംഭവം തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സി.പി.എമ്മിലും ചർച്ചയാവുമെന്നാണ് സൂചന.


സി.പി.എം പ്രവർത്തകനായ കൊളങ്ങരേത്ത് രാഘവനെ, ബീഡി കമ്പനിയിൽ കയറി ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മമ്പറം ദിവാകരനും, വ്യവസായ മന്ത്രി ഇ.പി.ജയരാജനും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കളളപ്പണം വെളുപ്പിക്കാൻ സഹകരണ മേഖലയെ മറയാക്കുകയാണ് ഇരുവരുമെന്നും, സി.പി.എം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ബി.ജെ.പി നേതൃത്വം ആരോപിച്ചു.
കണ്ണൂർ തളാപ്പിലെ ഡി.സി.സി ഓഫീസിന്റെ മതിലിൽ ഉൾപ്പെടെയാണ് മമ്പറം ദിവാകരനെതിരെ രൂക്ഷ വിമർശനങ്ങളടങ്ങുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇ.പി.ജയരാജന്റെ ആഡംബര റിസോർട്ടിൽ മമ്പറം ദിവാകരന്റെ പങ്ക് അന്വേഷിക്കുക എന്ന് ആവശ്യം ഉയർത്തുന്നതാണ് പോസ്റ്റർ. 
സഖാക്കളെ കുന്നിടിച്ച് റിസോർട്ട്, കൂട്ടിന് മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിച്ചിട്ടുണ്ട്. കണ്ണൂർ രാഷ്ടീയത്തിൽ മാഫിയാ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്ററുകളാണ് വ്യാപകം.


പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ഏറ്റെടുത്ത് പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയാക്കിയത്. അന്ന് അതേ നഗരസഭയിൽ സി.പി.എം നേതാവിന്റെ മകൻ ആരംഭിക്കുന്ന റിസോർട്ട് നിർമ്മാണവും ചർച്ചയായിരുന്നു. ഇതിനെതിരെ കടുത്ത നിലപാടാണ് കെ.പി.സി.സി നേതൃത്വവും കൈക്കൊണ്ടിരുന്നത്. ഈ റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പാർട്ടിയുമായി കൂടിയാലോചിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് പങ്കെടുത്തതിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ തന്നെ ഇക്കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് അറിയുന്നത്.  എന്നാൽ, താൻ ചെയർമാനായുള്ള ആശുപത്രി സമുച്ചയത്തിന്റെതടക്കം നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ രമേഷ് കുമാറിന്റെ ക്ഷണമനുസരിച്ചാണ് താൻ ആ ചടങ്ങിൽ പങ്കെടുത്തതെന്നാണ് മമ്പറം ദിവാകരന്റെ വാദം. 
ഈ വിഷയത്തിൽ സി.പി.എം നേതൃത്വമോ, ഇ.പി.ജയരാജനോ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല.


 

Latest News