കണ്ണൂർ - വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പോസ്റ്റൽ വോട്ട് വിവാദത്തിലായി കോൺഗ്രസ് നേതൃത്വം. 220 പോസ്റ്റൽ വോട്ടുകളുമായി കെ.പി.സി.സി ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി എത്തിയതാണ് വിവാദമായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്തെത്തി.
കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് കൂട്ടമായി ശേഖരിച്ച പോസ്റ്റൽ വോട്ടുകളുമായി പേരാവൂർ മണ്ഡലം റിട്ടേണിങ് ഓഫീസറായ കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്കിനെ ഏൽപ്പിക്കാനെത്തിയത്. മൊത്തം 220 പോസ്റ്റൽ വോട്ടുകളാണ് കൈയ്യിലുണ്ടായിരുന്നത്. പോസ്റ്റൽ വോട്ട് പോസ്റ്റലായി തന്നെ ലഭിക്കണമെന്നും നേരിട്ടുവാങ്ങാനാവില്ലെന്നും പറഞ്ഞ് റിട്ടേണിങ് ഓഫീസർ തിരിച്ചയച്ചു. തുടർന്ന് ചന്ദ്രൻ തില്ലങ്കേരിയും സംഘവും താണ പോസ്റ്റ് ഓഫീസിലെത്തി. എന്നാൽ 220 പേരുടെ പോസ്റ്റൽ വോട്ട് ഒരുമിച്ചുകൊണ്ടു വന്നതിൽ സംശയം തോന്നിയ പോസ്റ്റൽ ജീവനക്കാർ ഏറ്റുവാങ്ങാൻ തയ്യാറായില്ല. ഇതോടെ പോസ്റ്റ് ബോക്‌സിൽ നിക്ഷേപിച്ച് സംഘം കടന്നു.
വിവരം പുറത്തു വന്നതോടെ സംഭവം വിവാദമായി. തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും പോലീസുകാരും മാധ്യമ പ്രവർത്തകരുൾപ്പെടെ അർഹരായ മറ്റുള്ളവരും നിയമാനുസൃതം ബാലറ്റ് വാങ്ങി വോട്ട് രേഖപ്പെടുത്തി നേരിട്ട് റിട്ടേണിങ് ഓഫീസർക്ക് അയച്ചു കൊടുക്കേണ്ടതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലീസ് സംഘടനകൾ പോസ്റ്റൽ വോട്ട് ശേഖരിച്ച് റിട്ടേണിങ് ഓഫീസർമാർക്ക് അയച്ചുകൊടുത്തെന്നു പറഞ്ഞ് യു.ഡി.എഫും ചില മാധ്യമങ്ങളും വൻ വിവാദമുയർത്തിയിരുന്നു.
പോസ്റ്റൽ വോട്ട് മൊത്തമായി സമാഹരിക്കലിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
പണം കൊടുത്തും പ്രലോഭനങ്ങൾ നൽകിയുമാണ് യു.ഡി.എഫ് സ്ഥാനാർഥിക്കു വേണ്ടി ചീഫ് ഏജന്റ് മൊത്തമായി പോസ്റ്റൽ വോട്ട് ശേഖരിച്ചതെന്നും പരാതിയിൽ പറയുന്നു. പേരാവൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് തപാൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ച് എത്തിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി അഡ്വ. ബിനോയ് കുര്യൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വ്യക്തിഗതമായി വോട്ട് ചെയ്ത് തപാലിൽ അയക്കേണ്ട പോസ്റ്റൽ വോട്ടുകൾ പണം കൊടുത്തും പ്രലോഭനങ്ങൾ നൽകിയും യു.ഡി.എഫ് സ്ഥാനാർഥിക്കു വേണ്ടി ചീഫ് ഏജന്റ് മൊത്തമായി ശേഖരിച്ചുവെന്ന് വ്യക്തമാണ്. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിന്റെ ചീഫ് ഏജന്റും കെ.പി.സി.സി സെക്രട്ടറിയുമായ ചന്ദ്രൻ തില്ലങ്കേരി ഇരുന്നൂറിലധികം പോസ്റ്റൽ വോട്ടുകളാണ് വെള്ളിയാഴ്ച വരണാധികാരിയായ കണ്ണൂർ ഡിഎഫ്ഒക്ക് നേരിട്ടു നൽകാൻ ശ്രമിച്ചത്. ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുവദിക്കാത്തതിനാൽ വരണാധികാരി വാങ്ങാൻ വിസമ്മതിച്ചു. തുടർന്ന് ചന്ദ്രൻ തില്ലങ്കേരി പോസ്റ്റൽ വോട്ടുകളുടെ കെട്ടുകളുമായി താണ സബ് പോസ്റ്റ് ഓഫീസിൽ എത്തിയെങ്കിലും പോസ്റ്റ് മാസ്റ്ററും ഇത് സ്വീകരിച്ചില്ല. പിന്നീട് പോസ്റ്റ് ബോക്‌സിലിട്ട് പോവുകയായിരുന്നു. ഇത്തരത്തിൽ വോട്ട് മൊത്തത്തിൽ സമാഹരിച്ചതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിനോയ് കുര്യൻ പരാതിയിൽ പറഞ്ഞു.