കോഴിക്കോട് - പിണറായിയുടെ നേതൃപാടവവും പോസിറ്റീവായ സമീപനവും തന്നെയാണ് ഇടതുമുന്നണിക്ക് ഈ ഭരണകാലത്തും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും ഏറെ അനുകൂലമായ ഘടകങ്ങളിലൊന്നായി മാറിയതെന്ന് ഐ .എൻ .എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ആരെന്തുപറഞ്ഞാലും എക്‌സിറ്റ് പോളിലടക്കം വരുന്ന ഭരണതുടർച്ച എന്ന ട്രെൻഡിന് ഇക്കാര്യം ഏറെ അനുകൂലമായ സാഹചര്യമാണുണ്ടാക്കിയതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിജയ സാധ്യതയെയുമെല്ലാം അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരു ലീഡറുടെ നേതൃഗുണം മലയാളി അനുഭവിച്ചറിഞ്ഞത് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ്. മുഖ്യമന്ത്രിയോടൊപ്പം കേരള വികസനജാഥയിൽ അംഗമായി പോയപ്പോഴും കണ്ണൂർ ജില്ലയിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് പോയപ്പോഴും ഇതു നേരിട്ട് തിരിച്ചറിയാൻ പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാസ്മരികത പല യോഗങ്ങളിലും ജനത്തെ ഇങ്ങോട്ട് അടുപ്പിക്കുകയായിരുന്നു.കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത ജനപിന്തുണയാണ് അടുത്തിടെ പിണറായി വിജയനും ഇടതിൽനിന്നും മൊത്തത്തിൽ പൊതു സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ലഭിച്ചത്.
ഇതൊടൊപ്പം കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിർജ്ജീവാവസ്ഥയുടെ ഭരണമുന്നണിക്കനുകൂലമായിട്ടുണ്ട്. ക്രിയാത്മക പ്രതിപക്ഷമാകുന്നതിനു പകരം എന്തിനെയും ദോഷൈകദൃക്കോടെയായിരുന്നു പ്രതിപക്ഷം കണ്ടിരുന്നത്.ഇതാണ് അവരെ ജനങ്ങളിൽ നിന്നകറ്റിയത്. വെറുതെ വിമർശനമുന്നയിക്കുന്നവരുടെ പര്യായമായാണ് കുറച്ചുകഴിഞ്ഞതോടെ ജനം ഇവരെ വിലയിരുത്തിയത്. ഒരൊറ്റ ഉദാഹരണം പറയാം, 1240 കോടിരൂപയുടെ വികസനമാണ് കോഴിക്കോട് നോർത്ത്‌പോലെ ഒരു മണ്ഡലത്തിൽ മാത്രം ഇടത് എം എൽ എ നടത്തിയത്. എന്നാൽ തൊട്ടടുത്തെ യു ഡി എഫ് എം എൽ എയുടെ സൗത്ത് മണ്ഡലത്തിലെ കണക്കെടുത്തു പരിശോധിച്ചു നോക്കിയാൽ തന്നെ ഇതു മനസ്സിലാകും.
ഇതേപോലെ ഭരണത്തിന്റെ ആനുകൂല്യമെന്നത് ജനങ്ങൾക്ക് കഴിഞ്ഞ അഞ്ചുവർഷക്കാലം നേരിട്ടനുഭവിക്കാൻ കഴിഞ്ഞുവെന്നത് തെരഞ്ഞെടുപ്പടക്കമുള്ള സമയത്ത് സ്വഭാവികമായും പ്രതിഫലിപ്പിക്കുമെന്നതുറപ്പാണ്. തങ്ങളുടെ രക്ഷകന്റെ റോളിലാണ് നല്ലൊരുവിഭാഗം ആളുകൾ അദ്ദേഹത്തെ കണ്ടത്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ മാധ്യമങ്ങൾ പലപ്പോഴും ഇക്കാര്യത്തിന് വേണ്ടത്ര പ്രാധാന്യംകൊടുത്തിട്ടില്ലെന്നുള്ളതാണ് ഒരു മാധ്യമപ്രവർത്തകൻ കൂടിയായ എനിക്ക് തോന്നുന്നതെന്നും ഈ ഭരണമവസാനിക്കുമ്പോഴും അയ്യായിരം കോടി ഖജനാവിൽ മിച്ചം വെച്ചാണ് ഈ മന്ത്രിസഭ ഇറങ്ങിപ്പോകുന്നത്. ഇത് വലിയൊരു കാര്യമല്ലേ. അതുപോലെ കിഫ്ബിപോലൊരു സംഗതി വലിയതും സമാനതകളില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ എൻ എൽ മത്സരിച്ച മൂന്നിടങ്ങളിലും നല്ല റിസൾട്ട് പാർട്ടിക്കുണ്ടാകും. കോഴിക്കോട് സൗത്ത് ഐ .എൻ. എൽ തിരിച്ചുപിടിക്കും. വള്ളിക്കുന്നിൽ നല്ല മത്സരം നടന്നെന്നാണ് ഇപ്പോൾ എക്‌സിറ്റ് പോളുകളടക്കം പറയുന്നത്. മ ണ്ഡലത്തിൽ വഹാബ് മാഷിന് ധാരാളം ശിഷ്യ, സൗഹൃദ വലയങ്ങളുണ്ട്. നാട്ടുകാരൻ കൂടിയായതിനാൽ ഇതദ്ദേഹത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കാസർകോട്ടും എൻ എ നെല്ലിക്കുന്നിനെതിരെ ശക്തമായ തോരോട്ടം ഐ എൻ എൽ സ്ഥാനാർത്ഥി നടത്തുമെന്നുള്ളതാണ് പാർട്ടിയുടെ അവലോകനത്തിൽ മനസ്സിലാക്കിയതെന്നും മന്ത്രിസഭയിലും ഇടതുമുന്നണിയുടെ മറ്റ് തുടർപ്രവർത്തനങ്ങളിലുമെല്ലാം ഐ എൻ എല്ലിന്റെ മുദ്രയുണ്ടാകുമെന്നും പാർട്ടിയെ സംബന്ധിച്ചിടത്തോളം സജീവമായ പ്രവർത്തനദിനങ്ങളാണ് കടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.