തിരുവമ്പാടി-തിരുവമ്പാടിയില്‍ ആരും ജയിക്കും. കോഴിക്കോട് മുക്കത്തെ രണ്ട് സുഹൃത്തുക്കള്‍ പന്തയംവച്ചു. പന്തയത്തില്‍ തോറ്റാല്‍ തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട, പകരം വിജയിക്ക് വേണ്ടത് ഫുള്‍ ചിക്കന്‍ മന്തിയും ബ്രോസ്റ്റും. വാക്കാല്‍ പറയുക മാത്രമല്ല, രണ്ടു സാക്ഷികള്‍ സഹിതം പന്തയക്കരാറെഴുതി ഒപ്പിട്ടു. മന്തിയും ബ്രോസ്റ്റും വാങ്ങുന്നത് എവിടെ നിന്നാകണമെന്നതടക്കം രേഖയിലാക്കി.
നോര്‍ത്ത് കാരശേരിയിലെ ജംഷീറും മലാംകുന്നില്‍ ഹരിദാസനും ഒപ്പിട്ട പന്തയക്കരാര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. തിരുവമ്പാടിയില്‍ എല്‍ഡിഎഫിന്റെ ലിന്റോ ജയിക്കുമെന്ന് ജംഷീറും യു ഡിഎഫിലെ സി പി ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ഹരിദാസനും പന്തയം വയ്ക്കുന്നു. മെയ് രണ്ടിന് ഫലം വന്ന് ഒരാഴ്ചക്കകം മുക്കത്തെ 'നഹ്ദി മന്തി'യില്‍ നിന്നും ഫുള്‍ ചിക്കന്‍ കുഴിമന്തിയും നോര്‍ത്ത് കാരശേരി 'കോ കോ നാഷണല്‍ റസ്റ്റോറണ്ടില്‍' നിന്നും ഫുള്‍ ബ്രോസ്റ്റും വാങ്ങി നല്‍കണം. കോയിക്കോട്ട് കോയി വിട്ട് ഒരു കളിയുമില്ല മക്കളേ..