അബുദാബി- ഇന്ത്യയില്‍ കോവിഡ് പ്ര്തിസന്ധി രൂക്ഷമായതോടെ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തിയ ഇന്ത്യക്കാര്‍ മടക്കയാത്ര വൈകിക്കുന്നു. കാലാവധി കഴിയുന്ന സന്ദര്‍ശക വിസ പലരും മൂന്നു മാസത്തേക്കു കൂടി പുതുക്കുകയാണ്.
രാജ്യം വിടാതെ വിസ പുതുക്കാമെന്നതിനാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയാണ് പലരും. ഇന്‍സൈഡ് കണ്‍ട്രി സ്റ്റാറ്റസ് ചെയ്ഞ്ച് തുക ഉള്‍പ്പെടെ 1400 ദിര്‍ഹമാണ് നിരക്ക്. ഇങ്ങനെ വിസ എടുത്താല്‍ 10 ദിവസത്തെ ഗ്രേസ് പീരിയഡ് അടക്കം 100 ദിവസം യു.എ.ഇയില്‍ തങ്ങാം. പാസ്‌പോര്‍ട്ട്, പഴയ വിസിറ്റ് വിസ എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും നല്‍കിയാല്‍ നാല് പ്രവൃത്തി ദിവസത്തിനകം വിസ ലഭിക്കും.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇപ്പോഴത്തെ മടക്കയാത്ര സുരക്ഷിതമല്ലെന്നു കരുതിയാണ് പലരും സന്ദര്‍ശക വിസ നീട്ടുന്നത്. കോവിഡ് മൂലം നാട്ടിലേക്കു പോകാന്‍ സാധിക്കാതിരുന്നവര്‍ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്കു കൊണ്ടുവന്നിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ വിസ കാലാവധി നീട്ടി.