Sorry, you need to enable JavaScript to visit this website.

സൗദിയിൽ നാലര കോടിയോളം മൊബൈൽ ഫോൺ കണക്ഷനുകൾ

റിയാദ് - ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സൗദിയിൽ നാലര കോടിയോളം മൊബൈൽ ഫോൺ കണക്ഷനുകളുള്ളതായി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് അൽതമീമി പറഞ്ഞു. ഒക്‌ടോബർ 31 ലെ കണക്കുകൾ പ്രകാരം സൗദിയിൽ 44.04 ദശലക്ഷം മൊബൈൽ ഫോൺ കണക്ഷനുകളാണുള്ളത്. ഇതിൽ 75 ശതമാനവും (33 ദശലക്ഷം) പ്രീപെയ്ഡ് കണക്ഷനുകളും 25 ശതമാനം (11 ദശലക്ഷം) പോസ്റ്റ് പെയ്ഡ് കണക്ഷനുകളുമാണ്. സൗദിയിൽ മൊബൈൽ വ്യാപന നിരക്ക് 138.7 ശതമാനമാണ്. 
സൗദിയിൽ സ്മാർട്ട് ഫോൺ വ്യാപന നിരക്ക് 88 ശതമാനമായി ഉയർന്നിട്ടുണ്ട്. ആഗോള ശരാശരിയേക്കാൾ ഇരട്ടിയോളം അധികമാണിത്. ആഗോള തലത്തിൽ സ്മാർട്ട് ഫോൺ വ്യാപന നിരക്ക് 45 ശതമാനം മാത്രമാണ്. സൗദിയിൽ 2.4 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ഇന്റർനെറ്റ് വ്യാപന നിരക്ക് 74 ശതമാനമാണ്. ഇന്റർനെറ്റ് ഇന്റർനാഷണൽ കണക്ടിവിറ്റി കപ്പാസിറ്റി സെക്കന്റിൽ 3,185 ജിഗാബൈറ്റ് ആയി ഉയർന്നിട്ടുണ്ട്. 2015 ൽ ഇത് 1,484 ജി.ബി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Latest News