കൊച്ചി- മെയ് ഒന്ന് മുതല്‍ നാല് ദിവസം കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന മെയ് രണ്ടിന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണം, കൂടിച്ചേരലുകള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറ് ഹരജികളാണ് ഹൈക്കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച ഇവയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായിരുന്നു. ഈ ഹരജികളിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.