റിയാദ് - സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം 8,470 കോടി റിയാലിന്റെ ഉഭയകക്ഷി വ്യാപാരം നടത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2020 ൽ ഇന്ത്യയിലേക്ക് സൗദി അറേബ്യ 6,020 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും ഇന്ത്യയിൽ നിന്ന് 2,450 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു. സൗദി അറേബ്യ കഴിഞ്ഞ വർഷം ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ.
കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ കയറ്റുമതി 33.5 ശതമാനം തോതിൽ കുറഞ്ഞു. ആകെ 665 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ കഴിഞ്ഞ കൊല്ലം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2019 ൽ കയറ്റുമതി 981 ബില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതി 40.5 ശതമാനം തോതിൽ കുറഞ്ഞതാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ മൊത്തം കയറ്റുമതിയെ ബാധിച്ചത്. എണ്ണ കയറ്റുമതിയിൽ കഴിഞ്ഞ കൊല്ലം 304.2 ബില്യൺ റിയാലിന്റെ കുറവ് രേഖഖപ്പെടുത്തി.
പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി 10.8 ശതമാനം തോതിലും കഴിഞ്ഞ വർഷം കുറഞ്ഞു. 2020 ൽ 204.4 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. 2019 ൽ ഇത് 229.2 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവുമധികം കയറ്റി അയച്ച പെട്രോളിതര ഉൽപന്നങ്ങൾ പ്ലാസ്റ്റിക്കും റബ്ബറും ഇവയുടെ ഉൽപന്നങ്ങളുമാണ്.