Sorry, you need to enable JavaScript to visit this website.

വിദേശികളുടെ റെമിറ്റൻസിൽ 15 ശതമാനം വർധന

റിയാദ്- സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ മാസം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃതം സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 15 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 1,405 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2020 മാർച്ചിൽ ഇത് 1,222 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം വിദേശികൾ 183 കോടിയോളം റിയാൽ അധികം അയച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 
തുടർച്ചയായി 11 - ാം മാസമാണ് വിദേശികളുടെ റെമിറ്റൻസ് വർധിക്കുന്നത്. മാർച്ച് മാസത്തിൽ വിദേശികൾ അയച്ച പണത്തിൽ രേഖപ്പെടുത്തിയ വളർച്ച ഈ വർഷത്തെ ഏറ്റവും ഉയർന്നതാണ്. ഈ വർഷം ആദ്യത്തെ മൂന്നു മാസത്തിനിടെ വിദേശികൾ ആകെ 3,741 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ വിദേശികളുടെ റെിറ്റൻസ് 3,385 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം റെമിറ്റൻസിൽ 10.5 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ വിദേശികൾ 355 കോടി റിയാലാണ് അധികം അയച്ചത്. 


കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് 19.2 ശതമാനം തോതിൽ വർധിച്ച് 14,970 കോടി റിയാലിലെത്തിയിരുന്നു. തുടർച്ചയായി നാലു വർഷം കുറഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം റെമിറ്റൻസ് വർധിച്ചത്. 2019 ൽ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞിരുന്നു. 2019 ൽ നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ 12,550 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. നാലു വർഷത്തിനിടെ റെമിറ്റൻസിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് 2019 ലായിരുന്നു. 2018 ൽ 3.7 ശതമാനവും 2017 ൽ 6.7 ശതമാനവും 2016 ൽ 3.16 ശതമാനവും തോതിൽ റെമിറ്റൻസ് കുറഞ്ഞിരുന്നു. 


അതേസമയം, മാർച്ചിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണം 26.4 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ മാസം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ 652 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2020 മാർച്ചിൽ ഇത് 516 കോടി റിയാലായിരുന്നു. 2020 മാർച്ച് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം സൗദികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് 136 കോടിയോളം റിയാൽ അധികം അയച്ചു. 
കഴിഞ്ഞ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ സൗദികളുടെ റെമിറ്റൻസ് 60 ശതമാനം തോതിൽ വർധിച്ചു. ഫെബ്രുവരിയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് 400 കോടിയോളം റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം സൗദികളുടെ റെമിറ്റൻസിൽ 245 കോടിയോളം റിയാലിന്റെ വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 

Latest News