ദുബായ്- കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടിയേക്കുമെന്ന് ആശങ്ക. ഈ മാസം 24 നാണ് പത്ത് ദിവസത്തേക്ക് വിലക്ക് പ്രഖ്യാപിച്ചത്.
അവധിക്ക് പോയ പ്രവാസി വ്യവസായ പ്രമുഖരും യു.എ.ഇ പൗരന്മാരും സ്വകാര്യ ജെറ്റ് വിമാനങ്ങളുടെ സാധ്യത ആരായുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വകാര്യ ബിസിനസ് വിമാനങ്ങളെ പ്രവേശന വിലക്കില്‍നിന്ന് ഒഴിവാക്കിയതാണ് കൂടുതല്‍ പണം ചെലവായാലും ഈ വഴി ആലോചിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആദ്യതരംഗത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച വിലക്ക് പ്രഖ്യാപിച്ചതോടെ ആഴ്ചയില്‍ 300 വിമാന സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.
സിം കാര്‍ഡ് തട്ടിപ്പില്‍ കുടുങ്ങിയ ജിദ്ദയിലെ മലയാളിക്ക് ആശ്വാസം; എല്ലാവരും അറിഞ്ഞിരിക്കേണ്ട കേസ് |
ചെറിയ വേതനത്തിനു ജോലി ചെയ്യുന്ന പ്രവാസികളോടൊപ്പം ഇന്ത്യയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ സമ്പന്നരും കുടുങ്ങിയിരിക്കയാണ്. ചികിത്സക്കായി ഇന്ത്യയിലേക്ക് പോയവരുമുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സാധാരണ നിരക്കിന്റെ പത്തും ഇരുപതും ഇരട്ടി തുക നല്‍കി ദുബായില്‍ മടങ്ങി എത്തിയവരുണ്ട്. മുംബൈയില്‍നിന്ന് ദുബായിലേക്ക് 13 സീറ്റുള്ള ജെറ്റ് പറപ്പിക്കാന്‍ 35000 മുതല്‍ 38000 വരെ ഡോളറാണ് ചെലവ്.
പുതിയ സാഹചര്യത്തിലും സ്വകാര്യ ജെറ്റുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കെ യു.എ.ഇയില്‍ ലാന്‍ഡിംഗിനുള്ള പുതിയ വ്യവസ്ഥകള്‍ അന്വേഷിക്കുകയാണ് കമ്പനികള്‍.