ജിദ്ദ- ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മരിച്ച കോട്ടയം സ്വദേശി ബിജുമോന്‍ ജോസഫിന്റെ (44) മൃതദേഹം നാട്ടിലേക്കയച്ചു. ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ബിജുമോന്‍
ഏറ്റുമാനൂരിന്നടുത്ത് കോതനല്ലൂര്‍ സ്വദേശിയും പ്ലാച്ചിറ കുടുംബാംഗവുമാണ്.
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിക്ക് കൊച്ചി വിമാത്താവളത്തിലെത്തും
വ്യാഴം പുലര്‍ച്ചെ നാലരക്ക് ജിദ്ദയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. ദുബായ് വഴിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം വെള്ളി രാവിലെ ഒമ്പത് മണിയോടെ ബിജുവിന്റെ സ്വദേശമായ കോതനല്ലൂരിലുള്ള വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അടുത്തുള്ള പള്ളിയില്‍ അടക്കം ചെയ്യും.
14 വര്‍ഷത്തോളം പ്രവാസിയായിരുന്ന ബിജുമോന്റെ ഭാര്യ സില്‍വി ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിലെ തന്നെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍: ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു.