കോഴിക്കോട്- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾ പരിമിതപ്പെടുത്തിയതിന്റെ പശ്ചാതലത്തിൽ ഇപ്പോൾ യാത്രയ്ക്ക് ഒരുങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. നിലവിൽ സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് പോകാൻ ബഹ്‌റൈൻ മാത്രമാണ് സർവീസുള്ളത്. ഇതും ഏതു സമയത്തും നിലച്ചേക്കുമെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. സൗദിയിലേക്ക് പോകാനായി നിരവധി പേർ ഇപ്പോഴും നേപ്പാളിലുണ്ട്. എണ്ണം കുറവാണെങ്കിലും മാലിയിലും നിരവധി പേർ കാത്തിരിക്കുന്നു. നേപ്പാളിൽ നിയന്ത്രണം നിലവിൽ വന്ന ദിവസത്തിന് മുന്നേ എത്തിയവരുടെ യാത്രയിലും അനിശ്ചിതത്വമുണ്ട്. പുതുതായി എത്തുന്ന ഒരാൾക്കും നേപ്പാൾ വഴി സൗദിയിലേക്ക് പോകാനാകില്ല.
![]() |
ഇന്ത്യയില്‍ വരാനിരിക്കുന്നത് ഐസിയുവില്ലാതെ രോഗികള്‍ മരിക്കുന്ന ദിവസങ്ങള്‍ |
മാലിയിലെ വൻകിട റിസോർട്ടുകളിൽ പതിനാല് ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാനുള്ള അവസരം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നെങ്കിലും അതും അവസാനിച്ചു. ഒന്നര ലക്ഷത്തോളം രൂപയായിരുന്നു ഇതിന് ഈടാക്കിയിരുന്നത്. ഇതോടെ ബഹ്‌റൈൻ വഴി മാത്രമാണ് സൗദിയിലേക്ക് ഇന്ത്യക്കാർക്ക് പോകാൻ കഴിയുന്നത്.(ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൊച്ചിയിൽനിന്ന് സൗദിയിലേക്ക് ചില ദിവസങ്ങളിൽ നേരിട്ടുള്ള വിമാനമുണ്ട്).
ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകാൻ ഒരു ലക്ഷത്തി പതിനായിരത്തോളം രൂപയാണ് ഈടാക്കുന്നത്. ബഹ്‌റൈനിൽ എത്തിയ ശേഷം നടത്തേണ്ട ടെസ്റ്റുകളടക്കമുള്ള ചാർജാണ് ഇത്. നേരത്തെ ബഹ്‌റൈൻ വിസ ലഭിക്കാൻ പത്തു ദിവസത്തോളം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മൂന്നു ദിവസത്തിനകം ലഭിക്കുന്നുണ്ടെന്ന് ട്രാവൽസ് അധികൃതർ അറിയിച്ചു. മൂന്നു മാസം കാലാവധിയുള്ള വിസയാണ് ബഹ്‌റൈൻ അനുവദിക്കുന്നത്. പെട്ടെന്ന് യാത്ര മുടങ്ങിയാലും മൂന്നു മാസത്തിനുള്ളിൽ ഈ വിസ ഉപയോഗിച്ചാൽ മതിയെന്ന പ്രത്യേകതയുണ്ട്. എന്നാലും അത്യാവശ്യമായി സൗദിയിൽ എത്തേണ്ടവർ ഒഴികെയുള്ളവർ ഇപ്പോൾ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്. മുഴുവൻ രാജ്യങ്ങളിലും കോവിഡ് കൂടി വരികയാണെന്നും രോഗബാധയേറ്റാൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ വലുതായിരിക്കുമെന്നും ഇവർ ചൂണ്ടികാണിക്കുന്നു. സൗദിയിലേക്ക് പോകുന്നതിന് നേപ്പാളിൽ എത്തിയവരിൽ ഒട്ടേറെ പേർക്ക് കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമാകുന്നത് വരെ വീണ്ടും അവിടെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ സഹചര്യത്തിൽ അത്യാവശ്യക്കാരല്ലാത്തവർ ഇപ്പോൾ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന ഉപദേശമാണ് ട്രാവൽ ഏജൻസികൾ നൽകുന്നത്.