മലപ്പുറം- കുടുംബത്തൊടൊപ്പം ആശുപത്രിയിലെത്തിയ യുവാവിനെ മോഷ്ടാവാണെന്ന് ആരോപിച്ച് ഒരു സംഘം തടഞ്ഞുവെച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് സംഭവം. താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതുമാണ് തന്നെ മോഷ്ടാവാക്കിയതിന് പിന്നിലെ കാരണമെന്ന് യുവാവ് പറഞ്ഞു. ജാതിയമായി അധിക്ഷേപവും നേരിട്ടുവെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. പോലീസ് ഇടപെട്ടാണ് വിഷയം ഒതുക്കിത്തീര്‍ത്തത്.
താനും ഭാര്യയും അനിയത്തിയും കുട്ടികളും ബുധനാഴ്ച രാവിലെയാണ് കൂടെ പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയിലെത്തിയതെന്ന് യുവാവ് പറയുന്നു. ടോക്കണെടുത്ത ശേഷം ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞു, കരച്ചില്‍ നിര്‍ത്തിക്കാന്‍ ഞാനൊരു മിഠായി വാങ്ങിക്കാമെന്ന് കരുതി പുറത്തിറങ്ങി. പരിചയമില്ലാത്ത രണ്ടുപേര്‍ ഞാന്‍ പോകുന്നതിനിടെ എന്നെ പിടിച്ചുവെച്ച് സംസാരിച്ചു.
സംഭവം എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് കാര്യം മനസിലായി. 185 രൂപയും ഒരു മൊബൈല്‍ ഫോണും അവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു. അതെടുത്തത് ഞാനാണെന്ന് ആരോപിച്ചാണ് പിടിച്ചുവെച്ചത്. ആശുപത്രിയിലെ ജീവനക്കാരും പിന്നെ വിശ്വം എന്ന് പേരായ ഒരാളുമാണ് എന്നെ യാതൊരു കാരണവുമില്ലാതെ ചോദ്യം ചെയ്തത്. വിശ്വം എന്നയാള്‍ മുന്‍പ് പോലീസിലാണെന്ന് തോന്നുന്നു. പത്തു മിനിറ്റ് ഇവരെന്നെ ചോദ്യം ചെയ്തു, ഞാനവരോട് ഭാര്യയും കുട്ടിയും കൂടെയുണ്ടെന്ന് പറഞ്ഞു. എങ്കിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചില സമയങ്ങളില്‍ ഭീഷണിയായി.
എന്റെ വസ്ത്രധാരണവും താടിയും മുടിയും കണ്ടിട്ടാണ് അവരെന്നെ പിടിച്ചുവെച്ചത്. സിസിടിവി ഉണ്ടായിട്ട് അത് പരിശോധിച്ചില്ല. എനിക്കിത്തിരി നിറം കുറവാണ് താടിയും മുടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്. ഇത് വംശീയ അധിക്ഷേപമാണ്. മറ്റൊരാള്‍ക്ക് ഈ ഗതികേട് വരരുത്. ഞാന്‍ പോലീസിനെ വിളിച്ചിരുന്നു. പോലിസ് വന്ന് അവരോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ മാപ്പ് പറഞ്ഞു.
അപമാനിച്ചവരുടെ മുന്നില്‍ വെച്ച് മാപ്പ് പറയണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് അവരുടെ അഭിമാനത്തിന് ക്ഷതമാണെന്ന് അവര്‍ പറഞ്ഞത്. നോക്കൂ എന്റെ സ്വഭിമാനത്തിന് യാതൊരു വിലയുമില്ല. മോഷ്ടാവായി ചിത്രീകരിക്കപ്പെട്ടത് പ്രശ്‌നമല്ല. ഇത് കാണുന്നവരും ആലോചിക്കണം. എത്രത്തോളം അപമാനമാണ് നേരിട്ടതെന്ന്- യുവാവ് പറഞ്ഞു.