Sorry, you need to enable JavaScript to visit this website.

ഭരണത്തുടർച്ച ദോഷകരമെന്ന മലയാളിയുടെ തിരിച്ചറിവ് യു.ഡി.എഫിന് ഗുണകരമായെന്ന് നജീബ് കാന്തപുരം


കോഴിക്കോട് - ഭരണ തുടർച്ചയെന്നത് കേരളത്തിന്റെ ജനാധിപത്യബോധത്തിന് വലിയ കോട്ടം തട്ടുന്ന കാര്യമാണെന്ന് കേരളീയ ജനത ഒന്നാകെ തിരിച്ചറിഞ്ഞുവെന്നതുകൊണ്ടു തന്നെയാണ് എൽ.ഡി.എഫിന് പകരം യു.ഡി.എഫ് ഭരണത്തിലേറുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ലാതെ പറയാൻ കഴിയുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പറഞ്ഞു. യു.ഡി.എഫിന്റെയും മുസ്‌ലിം ലീഗിന്റെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനവും വിജയസാധ്യതയെക്കുറിച്ചും മലയാളം ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മലപ്പുറം പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്ഥാനാർഥികൂടിയായ അദ്ദേഹം.


കിറ്റും പെൻഷൻ അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളും തങ്ങളെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പൂർണവിശ്വാസമായിരുന്നു എൽ.ഡി.എഫിനും സി.പി.എമ്മിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഇത്തരമൊരു വാദഗതിക്ക് പൊതുവെ അംഗീകാരം കിട്ടുകയും ചെയ്തിരുന്നു. എന്നാൽ ജോലി ലഭിക്കാതെ അലയുന്ന പി.എസ്.എസി ഉദ്യോഗാർഥികളെ നോക്കുകുത്തിയാക്കിയുള്ള സ്വന്തക്കാരെ സ്ഥിരപ്പെടുത്തൽ, ആഴക്കടൽ മത്സ്യബന്ധനകരാർ തുടങ്ങി ശബരിമല പ്രശ്‌നത്തിൽ ചാഞ്ചാട്ടത്തോടെയുള്ള നിലപാട് തുടങ്ങിയ ഓരോ വിഷയങ്ങളെടുക്കുമ്പോഴും ഇടതുമുന്നണി സർക്കാരിന്റെ വഞ്ചനാപരമായ നിലപാട് ജനങ്ങളുടെ മുന്നിൽ പ്രചാരണത്തിന്റെ അവസാനമാകുമ്പോഴേക്ക് വലിച്ചുകീറപ്പെടുകയായിരുന്നു. ഇതിനെക്കാളെല്ലാമുപരി സി.പി.എമ്മിന്റെ ഉള്ളിൽ നിന്നു തന്നെ പിണറായി വിജയന്റെ ഏകാധിപത്യശൈലിക്കെതിരെയുള്ള വൻ പ്രതിഷേധവും കേരളത്തിന്റെ ജനാധിപത്യബോധം വീണ്ടും ഇതേപോലെ നിലനിൽക്കണമെങ്കിൽ 'ഉറപ്പാണ് എൽ.ഡി.എഫ് കടക്കുപുറത്ത്' എന്ന മുദ്രാവാക്യത്തിലേക്ക് എല്ലാവരെയുമെത്തിക്കുകയായിരുന്നു. 


ഒരു സ്ഥാനാർഥി എന്ന നിലക്ക് പ്രചാരണ രംഗത്ത് സജീവമായി ഇടപെട്ടപ്പോൾ തന്നെ എനിക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഏകദേശം മാർച്ച് അവസാനവാരത്തോടുകൂടിയാണ് ജനങ്ങളുടെ ചിന്ത ഈ രീതിയിലേക്ക് മാറിയത്. കൂടാതെ സംസ്ഥാനത്തെ പ്രബല സമുദായങ്ങളെല്ലാം സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും യഥാർഥ മുഖവും ലക്ഷ്യവും തിരിച്ചറിഞ്ഞ് സംസ്ഥാനത്തിന്റെ ഭാവിക്ക് നല്ലത്, തുടർഭരണമില്ലാതിരിക്കുകയെന്നതാണെന്ന നിലപാടിലെത്തുകയും ചെയ്തു. നായർ വിഭാഗങ്ങളടക്കമുള്ള ഉയർന്ന ജാതിക്കാരും മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമെല്ലാം ഇതിനനുസരിച്ച് തെരഞ്ഞെടുപ്പിൽ ഉയർന്നു ചിന്തിച്ചിട്ടുണ്ടെന്നാണ് ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ക്രിസ്ത്യൻ സമുദായത്തെയും മറ്റും ചാക്കിട്ടുപിടിക്കാൻ ബി.ജെ.പിയടക്കം ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല.


 74 മുതൽ 80 വരെ സീറ്റുകൾ നേടി യു.ഡി.എഫ് കേരളത്തിലധികാരത്തിലെത്തും. മലബാറിലെ ജില്ലകളിൽനിന്ന് മാത്രം യു.ഡി.എഫിന് 35 ലധികം സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞ നജീബ്, മത്സരിച്ച 27 സീറ്റുകളിൽ 22 എണ്ണം നിലനിർത്തിക്കൊണ്ട് മുൻ വർഷങ്ങളിലേതുപോലെ മുസ്‌ലിം ലീഗ് അതിന്റെ ശക്തി നിലനിർത്തുമെന്നും കൂട്ടിച്ചേർത്തു. 
മലപ്പുറം ജില്ലയിൽ ശക്തമായ സാന്നിധ്യമാണ് മുസ്‌ലിം ലീഗെന്നത് വീണ്ടും ഈ തെരഞ്ഞെടുപ്പിൽ തെളിയുന്നതോടൊപ്പം എങ്ങനെയെങ്കിലും ലീഗിനെ പരാജയപ്പെടുത്തുവാനുള്ള വിവിധ തരംകൂട്ടുകെട്ടുകളുടെ അന്ത്യം ഈ തെരഞ്ഞെടുപ്പോടെ മലപ്പുറത്തുനിന്നു തന്നെ ഇല്ലാതാകുമെന്നും പറഞ്ഞു.


യു.ഡി.എഫും ഘടകകക്ഷികളുടെയെല്ലാം പ്രവർത്തനം ഇടതുമുന്നണിയെ അപേക്ഷിച്ച് അത്ര സിസ്റ്റമെറ്റിക്കല്ലെന്ന വിലയിരുത്തൽ തെറ്റാണ്. യു.ഡി.എഫിനെ സംബന്ധിച്ചും ഓരോ ഘടകകക്ഷികളെ സംബന്ധിച്ചും തീർത്തും നിർണായകമാണ് ഈ തെരഞ്ഞെടുപ്പും അതിലെ ജയപരാജയങ്ങളുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞതോടെ തീർത്തും കുറ്റമറ്റായ രീതിയിലുള്ള പ്രവർത്തനമാണ് ഉണ്ടായത്. ഇതുപോലത്തെ അനേകം പ്രതികൂല സാഹചര്യങ്ങളെ മറി കടന്നും എൽ.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നത് ഒരു വലിയ നേട്ടമൊന്നുമല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കെടുത്ത് പരിശോധിക്കുമ്പൾ പ്രചരിപ്പിക്കപ്പെട്ടപോലുള്ള നേട്ടങ്ങളൊന്നും ഇടതുമുന്നണിക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News