തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിനെ പൊതുചടങ്ങില്‍ വിമര്‍ശിച്ച ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസഥനായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കാമെന്ന് ചട്ടത്തില്‍ പറയുന്നു. നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവന ജേക്കബ് തോമസ് നടത്തിയിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നു വിലയിരുത്തിയാണ് നടപടി.
കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താല്‍പര്യങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ഈമാസം ഒമ്പതിന് തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കവെയാണ് ജേക്കബ് തോമസ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആരും ഉത്തരവാദിത്തം കാണിച്ചില്ലെന്നാണ് ജേക്കബ് തോമസ് കുറ്റപ്പെടുത്തിയത്. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് നിയമവാഴ്ചയില്ല. അഴിമതിക്കെതിരെ സംവാദത്തിന് പോലും കേരളത്തില്‍ ഭയമാണ്. പ്രതികരിക്കുന്നവരെ നിശബ്ദനാക്കും.51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദരാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൂണ്ടിക്കാട്ടിയിരുന്നു. സുതാര്യതയെകുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഭരണാധികാരികള്‍ക്കും ജനത്തിനും ഇടയില്‍ ഒരു മതിലുണ്ട്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തു പോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി ദുരിതാശ്വാസ പാക്കേജിലെ 1,400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.