തിരുവന്തപുരം- പ്രവാസികൾക്ക് പ്രതിനിധിയെ നിയോഗിച്ച് നാട്ടിൽ വോട്ടു രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന നിയമ ഭേദഗതി ഭേദഗതി പാസായാലും വോട്ടു രേഖപ്പെടുത്താൻ പ്രവാസികൾക്ക് മുമ്പിൽ കടമ്പകൾ ബാക്കിയായേക്കും. സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ പ്രവസി വോട്ടർ നിയോഗിക്കുന്ന പ്രതിനിധി വ്യാജമാണോ എന്നു ഉറപ്പിക്കുക ഏറെ പ്രയാസകരമായിരിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. പ്രത്യേകിച്ച് പ്രവാസി ജനസംഖ്യ കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് എളുപ്പമാകില്ല.
വോട്ടിംഗ് അതീവ രഹസ്യ സ്വഭാവത്തിലായതിനാൽ പ്രവാസി ഏർപ്പെടുത്തുന്ന പ്രതിനിധി സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യുമോ എന്ന ആശങ്കയും ഉണ്ട്. ലോക്‌സഭാ, നിയമസഭാ പോലുള്ള വലിയ തെരഞ്ഞെടുപ്പുകളിൽ പ്രോക്‌സി വോട്ടിങ് അനുവദിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനായി പ്രത്യേക ചട്ടങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. പ്രവാസിയുടെ താൽപര്യത്തിനനുസരിച്ച് തന്നെയാണ് പ്രോക്‌സി വോട്ടറും വോട്ട് രേഖപ്പെടുത്തുന്നത് എന്നുറപ്പു വരുത്താനാണ് വഴി കണ്ടെത്തേണ്ടത്. കമ്മീഷൻ പുതുതായി അവതരിപ്പിച്ച വോട്ടു രസീത് (വോട്ടർ വെരിഫയബ്ൾ പേപ്പർ ട്രയൽ) ഇതിനു ഒറ്റമൂലിയായി പരിഗണിക്കാനുമാവില്ല.
പ്രവാസിക്കു പകരം വോട്ടു ചെയ്യാനെത്തുന്ന പ്രോക്‌സി എന്ന പ്രതിനിധി ആരായിരിക്കണമെന്ന് കമ്മീഷൻ തീരുമാനിക്കണം. അടുത്ത ബന്ധുവോ, സുഹൃത്തോ, കുടുംബാംഗമോ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയോ ആരാകണമെന്നത് കമ്മീഷനാണ് നിശ്ചയിക്കേണ്ടത്. യഥാർത്ഥ വോട്ടറുടെ സമ്മത പത്രം പ്രോക്‌സി വോട്ടറുടെ കൈവശമുണ്ടായിരിക്കണം.
തെരഞ്ഞെടുപ്പിൽ എത്ര പ്രോക്‌സി വോട്ടുകൾ വരെ ആകാമെന്ന കാര്യവും കമ്മീഷൻ തീരുമാനിക്കണം. ഇതിന് ജനപ്രാതിനിധ്യ നിയമത്തിൽ കാര്യമായ മറ്റൊരു ഭേഗദതി കൂടി ആവശ്യമായി വരും. കാരണം നിലവിലെ നിയമപ്രകാരം ഒരാൾക്ക് ഒറ്റ പ്രാവശ്യം മാത്രമെ വോട്ടു ചെയ്യാൻ അനുവാദമുള്ളൂ. പുതിയ സംവിധാനം അവതരിപ്പിക്കുകയാണെങ്കിൽ ഒരാൾക്ക് എത്ര വോട്ടുകൾ ചെയ്യാമെന്ന കാര്യം ഉൾപ്പെടുത്തേണ്ടി വരും. ആൾമാറാട്ടമാണ് മറ്റൊരു വെല്ലുവിളി.
കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് കാര്യമായ പ്രവാസി ജനസംഖ്യയുള്ളത്. പ്രോക്‌സി വോട്ടുകൾ അനുവദിക്കപ്പെട്ടാൽ ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പ്രവാസി വോട്ടിന്റെ സ്വാധീനം വളരെ പ്രകടമായിരിക്കും.