Sorry, you need to enable JavaScript to visit this website.

കേരള തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ നാളെ, മുന്നിൽ എൽ.ഡി.എഫ്

തിരുവനന്തപുരം- സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മൂന്നു ദിവസം മാത്രം ശേഷിക്കേ എക്‌സിറ്റ് പോൾ ഫലങ്ങൾ നാളെ പുറത്തുവരും. കേരളത്തിലെ മുൻ നിര ചാനലുകളെല്ലാം എക്‌സിറ്റ് പോൾ ഫലം പുറത്തുവിടും. ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് തീർന്നതിന് ശേഷം വൈകിട്ട് ആറുമണിയോടെയായിരിക്കും ഫലം പുറത്തുവിടുക.
കേരളത്തിലെ മുൻനിര ചാനലുകൾ നടത്തിയ സർവേ ഫലങ്ങളിൽ എൽ.ഡി.എഫിന് മുന്നേറ്റം പ്രവചിച്ചിരിക്കുന്നുവെന്നാണ് വിവരം. ഭൂരിഭാഗം ചാനലുകളും 80 സീറ്റ് വരെയാണ് എൽ.ഡി.എഫിന് പ്രവചിച്ചിരിക്കുന്നത്. 74 സീറ്റ് എൽ.ഡി.എഫിനും 64 സീറ്റ് യു.ഡി.എഫിനും രണ്ടു സീറ്റ് ബി.ജെ.പിക്കും പ്രവചിക്കുന്നുണ്ട്. ഒരു ചാനൽ നടത്തിയ സർവേ അനുസരിച്ച് 76 സീറ്റ് എൽ.ഡി.എഫിനും 64 സീറ്റ് യു.ഡി.എഫിനും പ്രവചിക്കുന്നു. ഇവർ ബി.ജെ.പിക്ക് സീറ്റ് പ്രവചിക്കുന്നില്ല. ഇടതുമുന്നണിയോട് ചേർന്നു നിൽക്കുന്ന ഒരു ചാനൽ നടത്തിയ സർവേയിൽ 80 സീറ്റുകളാണ് പ്രവചിക്കുന്നത്. മുഴുവൻ ചാനലുകളും നടത്തിയ സർവേയിൽ എൽ.ഡി.എഫാണ് മുന്നിട്ടു നിൽക്കുന്നത്. ഇതിന് പുറമെ, യു.ഡി.എഫ് വിജയിക്കുമെന്ന് പ്രവചിക്കപ്പെട്ട 35 ശതമാനം സീറ്റുകളിലും ഭൂരിപക്ഷം രണ്ടു ശതമാനത്തിന് താഴെയാണ്. കടുത്ത മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളിൽ കൂടി എൽ.ഡി.എഫ് വിജയിക്കുകയാണെങ്കിൽ ഇടതുമുന്നണിയുടെ സീറ്റിന്റെ എണ്ണം ഇനിയും കൂടുമെന്നാണ് കരുതുന്നത്. 
എന്നാൽ പ്രീ പോൾ സർവേയെ അവഗണിച്ച് മുന്നോട്ടുപോയ അതേ നിലപാട് തന്നെയായിരിക്കും എക്‌സിറ്റ് പോൾ സർവേയിലും യു.ഡി.എഫ് സ്വീകരിക്കുക. തെരഞ്ഞെടുപ്പിന്റെ ആരവം ഉയരുന്നതിന് മുമ്പ് നൂറോളം സീറ്റുകൾ പ്രവചിക്കപ്പെട്ടിരുന്ന അവസ്ഥയിൽനിന്നാണ് 80ന് താഴെക്ക് ചുരുങ്ങിയതെന്നും വോട്ടെണ്ണി കഴിയുമ്പോൾ വിജയം സ്വന്തമാക്കാനാകുമെന്നും യു.ഡി.എഫ് കണക്കാക്കുന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവടങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും.
 

Latest News