തിരുവനന്തപുരം- കാറില്‍ കടത്തുകയായിരുന്ന 3.5 കോടി രൂപ തൃശൂര്‍ കൊടകരയില്‍ വച്ച് തട്ടിയെടുത്ത സംഭവത്തില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടു പൂര്‍ണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ല.
ആരുടെ പണമാണ് തട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതുകൊണ്ട് തുടര്‍നടപടികള്‍ക്കു കാലതാമസം നേരിടും. കമ്മീഷന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബഹ്‌റ റിപ്പോര്‍ട്ടു നല്‍കിയത്.
കുഴല്‍പ്പണം കൊണ്ടുവന്നത് തെരഞ്ഞടുപ്പു ചെലവിനാണോ എന്നും അത് ഏതുപാര്‍ട്ടിക്ക് വേണ്ടിയാണെന്നോ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യല്‍ നടക്കുന്നതായും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തൃശൂര്‍ എസ്പിയുടെ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. നിലവിലെ സാഹചര്യത്തില്‍് അന്തിമ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ, തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ പറ്റുകയുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകും. ഇതോടെ കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 7 പേരുടെ അറസ്റ്റാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. നേരത്തെ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. സംഭവത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് കൃത്യമായ സൂചനകളുണ്ടെങ്കിലും എത്ര പണം കടത്തിയെന്ന കാര്യത്തിലും നേതാക്കളുടെ ബന്ധം സംബന്ധിച്ചും ശക്തമായ തെളിവുകള്‍ ലഭിക്കാത്തത് പോലിസിനെ കുഴയ്ക്കുന്നുണ്ട്. കേസില്‍ ബിജെപിയെ കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.കാറില്‍ കടത്തുകയായിരുന്ന പണം തൃശൂര്‍ കൊടകരയില്‍ വച്ചു ഗുണ്ടാസംഘം വളയുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പണം കടത്തിയതെന്നും സൂചനയുണ്ട്.