Sorry, you need to enable JavaScript to visit this website.

എൽ.ഡി.എഫ് 80, യു.ഡി.എഫ് 59, ട്വിന്റി 20 ഒന്ന്; തെരഞ്ഞെടുപ്പ് ഫല പ്രവചനവുമായി എൻ.എസ് മാധവൻ

കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പു വോട്ടെണ്ണലിന് മൂന്നു ദിനം മാത്രം ശേഷിക്കെ ഫല പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ. ട്വിറ്ററിലൂടെയാണ് മാധവൻ തെരഞ്ഞെടുപ്പു ഫലത്തിൽ തന്റെ വിലയിരുത്തൽ പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫ് 80 സീറ്റു നേടി അധികാരം നിലനിർത്തുമെന്നാണ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റാണ് കിട്ടുക. ഒരു സീറ്റ് ട്വന്റി 20 നേടുമ്പോൾ ബിജെപിക്ക് മാധവന്റെ വിലയിരുത്തലിൽ വിജയമൊന്നും ഉണ്ടാവില്ല.
ഞായറാഴ്ചയാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ. വോട്ടെണ്ണൽ ദിവസം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. ഇവർക്ക് 29ന് ആർ. ടി. പി. സി. ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദേശം.
ആർ. ടി. പി. സി. ആർ ടെസ്റ്റ് സാധ്യമല്ലാത്ത സാഹചര്യത്തിൽ മെയ് ഒന്നിന് എടുത്ത ആന്റിജൻ പരിശോധന ഫലമുള്ളവർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാം. കോവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളിൽ ആർ. ടി. പി. സി. ആർ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുക എന്ന സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്‌ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിർദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറിൽ നിന്നും വിജയിച്ച സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോൾ വിജയിച്ചയാൾക്ക് രണ്ടിൽ കൂടുതൽ പേരെ ഒപ്പംകൂട്ടാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
 

Latest News