കോഴിക്കോട്- എക്കാലത്തും ന്യൂനപക്ഷ സമുദായത്തിന്റെ കാര്യങ്ങളോർത്ത് നൊമ്പരപ്പെട്ട വ്യക്തിയായിരുന്നു ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. സമുദായത്തെ ഓർത്തുള്ള നൊമ്പരം പലപ്പോഴും പൊട്ടിക്കരച്ചിലായി മാറിയെന്നും ഇ.ടി പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീറിന്റെ വാക്കുകൾ:
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് നമ്മളോട് വിട്ട് പിരിഞ്ഞിട്ട് 16 വർഷമായി. സുലൈമാൻ സേട്ട് സാഹിബിന്റെ കൂടെ ഒരുപാട് ദിനരാത്രങ്ങൾ ചിലവഴിച്ച ആളാണ് ഞാൻ. പ്രത്യേകിച്ചും 70കളിലും 80കളിലുമൊക്കെ സേട്ട് സാഹിബ് നമ്മുക്ക് ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറം വലിയൊരു വ്യക്തിത്വത്തിന്റെ ഉടമസ്ഥനായിരുന്നു. ഒരു കാലമുണ്ടായിരുന്നു , ലോകം ഇന്ത്യൻ മുസ്ലിമിങ്ങളെ പറ്റി ചർച്ച ചെയ്യുന്ന വേദികളിലൊക്കെ ചർച്ച ചെയ്യപ്പെട്ട രണ്ട് പേർ . ഒന്ന് അബുൽ ഹസൻ അലി നദ്‌വി സാഹിബ്. രണ്ട്, ഇബ്രഹിം സുലൈമാൻ സേട്ട് സാഹിബ്.
സേട്ട് സാഹിബ് യാഥാർത്ഥത്തിൽ എക്കാലത്തും ന്യൂനപക്ഷ സമുദായത്തിന്റെ കാര്യങ്ങൾ ഓർത്തു ഹൃദയം നൊമ്പരപ്പെട്ട വ്യക്തിയായിരുന്നു. ആ നൊമ്പരം പലപ്പോഴും കരച്ചിലുകളായി രൂപപ്പെട്ടിട്ടുണ്ട്. ഏത് രീതിയിലും താനൊരു ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വാക്താവാണെന്ന് പറയാൻ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിത ശൈലിയിൽ ഏറ്റവും അനുകരണീയമായ ഒരു സംഗതി അദ്ദേഹത്തിന്റെ ലളിത ജീവിതമാണ്. കോഴിക്കോട് വരുമ്പോൾ അധികവും അദ്ദേഹം താമസിച്ചിരുന്നത് റെയിൽവേ റിട്ടയറിങ് റൂമിലായിരുന്നു. അവിടെ താമസിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ് ചെലവും കുറവായിരുന്നു. തന്റെ ജീവിതത്തിലൂടെ ഒരുപാട് നല്ല കാര്യങ്ങൾ നമ്മൾക്ക് നൽകി കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. സംഘടനാ ജീവിതത്തിൽ വരുന്ന അകൽച്ചകൾ , ആ അകൽച്ച നടക്കുന്ന സമയത്ത് അത് സൃഷ്ടിക്കുന്ന വിടവുകളും പോരായിമകളും നമ്മുക്ക് ഓര്മ വരില്ല. കാലം കഴിയുമ്പോൾ അത് വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നത് നഷ്ട ബോധത്തെയാണ്. സേട്ട് സാഹിബ് ഏത് കാലത്തും പിന്നോക്ക സമുദായങ്ങളുടെ വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ യോജിപ്പിന് വേണ്ടി ആഗ്രഹിച്ചു. തന്റെ സമുദായത്തെ വളരെ അഗാധമായി അദ്ദേഹം സ്‌നേഹിച്ചപ്പോൾ മറ്റുള്ളവരോട് അദ്ദേഹത്തിന് സഹാനുഭൂതി ഉണ്ടായിരുന്നു. വളരെ ആവേശപൂർവ്വം സംസാരിക്കുന്ന അദ്ദേഹം ഒരിക്കൽപോലും മറ്റൊരു സമുദായത്തിന് വേദന ഉണ്ടാക്കിയിട്ടില്ല.