കാഠ്മണ്ഡു- നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് നാളെ അർധരാത്രി മുതൽ നിലവിൽ വരുന്നതോടെ പ്രയാസത്തിലാകുന്ന പ്രവാസികളുടെ കാര്യം നേപ്പാൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഇന്ത്യൻ എംബസി. നിലവിൽ നേപ്പാളിലുള്ളവരെ സൗദിയിലേക്ക് എത്തിക്കുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് എംബസി അധികൃതർ അറിയിച്ചു. നിലവിൽ പതിനായിരത്തോളം ആളുകളാണ് സൗദിയിലേക്ക് വരാൻ നേപ്പാളിൽ എത്തിയത്. നാളെ(ബുധനാഴ്ച) രാത്രിക്ക് മുമ്പ് നേപ്പാളിൽനിന്ന് സൗദിയിലേക്ക് പോകാൻ കഴിയാത്തവരാണ് ദുരിതത്തിലായത്. നിലവിൽ നേപ്പാളിൽ ഉള്ളവരെ സൗദിയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നാണ് എംബസി വ്യക്തമാക്കിയത്.
അതേസമയം, മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ നേപ്പാളിനെ ട്രാൻസിറ്റ് പോയിന്റായി തെരഞ്ഞെടുക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയ സഹചര്യത്തിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.