ജിദ്ദ- സൗദിയിലേക്ക് വരുന്നതിന് വേണ്ടി മാലിയിലെത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക് തന്നെ മടങ്ങുന്നു. കഴിഞ്ഞ ദിവസം മുതൽ മാലിയിലെ ഹോട്ടലുകളിൽ ഇന്ത്യക്കാർക്ക് റൂം ബുക്കിംഗ് അനുവദിക്കരുതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ത്രീ സ്റ്റാർ സൗകര്യമുള്ള ഹോട്ടലുകളിലായിരുന്നു ഇതേവരെ മലയാളികൾ അടക്കമുള്ളവർ താമസിച്ചിരുന്നത്. തദ്ദേശീയരുമായി ഇടകലരാൻ ഇടയുള്ളതിനാലായിരുന്നു ഈ തീരുമാനം എടുത്തത്. 90,000ത്തിന് മുകളിൽ പണം നൽകിയാണ് പ്രവാസികൾ മാലി വഴി സൗദിയിലേക്ക് വരാൻ തയ്യാറെടുത്തിരുന്നത്. ഇത് അടഞ്ഞതോടെ ഫോർ സ്റ്റാറിന് മുകളിൽ സൗകര്യമുള്ള റിസോർട്ടുകൾ ബുക്ക് ചെയ്ത് സൗദിയിലേക്ക് വരാൻ പ്രവാസികൾ തയ്യാറെടുത്തിരുന്നു. ഒന്നര ലക്ഷത്തോളം രൂപയായിരുന്നു ഇതിന് ഈടാക്കിയിരുന്നത്. എന്നാൽ, ഇന്ന്(ചൊവ്വാഴ്ച) മാലിയിലെത്തിയ മലയാളികൾ അടക്കമുള്ളവരെ അധികൃതർ തിരിച്ചയച്ചു. കൊച്ചി- ബംഗളൂരു-മാലി വിമാനത്തിൽ പോയവരെയാണ് തിരിച്ചയച്ചത്. ഇതോടെ പ്രവാസികൾ വീണ്ടും ദുരിതത്തിലായി.
അതേസമയം, നേപ്പാൾ വഴിയുള്ള യാത്രയും പൂർണമായും തടസപ്പെട്ടു. നാളെ രാത്രി മുതൽ നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്ര ആഭ്യന്തര മന്ത്രാലയം വിലക്കി. ഇതോടെ സൗദിയിലേക്ക് പോകുന്നതിന് വേണ്ടി നേപ്പാളിൽ എത്തിയ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ കുടുങ്ങി. അതേസമയം, നിലവിൽ നേപ്പാളിൽ ഉള്ളവരെ സൗദിയിൽ എത്തിക്കുന്നതിന് അധികൃതരുമായി ചർച്ച നടന്നുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ചർച്ച വിജയിച്ചില്ലെങ്കിൽ ഇവർക്ക് നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വരും.