കോഴിക്കോട്- പരമ്പരാഗത യു.ഡി.എഫ് മണ്ഡലങ്ങൾക്ക് അടക്കം ഇളക്കം തട്ടുന്ന തെരഞ്ഞെടുപ്പ് വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടാകുകയെന്ന് ഐ.എൻ.എൽ സംസ്ഥാന അധ്യക്ഷൻ പ്രഫ. എ പി അബ്ദുൽ വഹാബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയ- പരാജയങ്ങളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ മലയാളം ന്യൂസുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ പതിനാറിൽ പതിനാറും സീറ്റും തങ്ങൾക്ക് ലഭിക്കുമെന്ന മുസ്‌ലിം ലീഗിന്റെ അവകാശ വാദം തെറ്റും. യഥാർഥ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനമല്ലിത്. തുടർച്ചയായി അവരെ പിന്തുണച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത മണ്ഡലങ്ങൾ തന്നെ ഏറെ മാറി ചിന്തിക്കുന്ന ഒരു കാഴ്ച ദിവസങ്ങൾക്കുള്ളിൽ തന്നെ നേരിട്ട് കാണാം.
എൽ.ഡി.എഫിന് തുടർഭരണം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ചുരുങ്ങിയത് എൺപതു സീറ്റുകൾക്ക് മുകളിലേക്ക് ഇടതുമുന്നണിക്ക് ലഭിക്കും. ഘടകകക്ഷിയായതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന നിലക്ക് ഐ.എൻ.എല്ലിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നിത്. ഐ.എൻ.എൽ മത്സരിച്ച മൂന്നു സീറ്റുകളിലും നല്ലവിജയം പാർട്ടിക്കുണ്ടാകും. ഒരു സ്ഥാനാർഥി എന്ന നിലക്ക് വള്ളിക്കുന്നിൽ തന്നെ കേന്ദ്രീകരിച്ചായിരുന്നു എന്റെ ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം.അതുകൊണ്ട് മറ്റിടങ്ങളിൽ പോകാൻ പറ്റിയിട്ടില്ലെങ്കിലും അവിടെ നിന്നുള്ള പ്രതികരണങ്ങൾ വെച്ചുനോക്കുമ്പോൾ നല്ല പ്രതീക്ഷയാണുള്ളതെന്നും വഹാബ് പറഞ്ഞു.
രാഷ്ട്രീയമായി വിയോജിപ്പുള്ളവരെപോലും പിണറായി സർക്കാരിന്റെ വികസന നയമാണ് അടുപ്പിച്ചതിൽ പ്രധാന ഘടകം. മുൻപ് മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഞങ്ങളുടെ വോട്ട് പിണറായിക്കാണ് എന്ന് തുറന്നുപറഞ്ഞ് വോട്ടർമാർ പ്രതികരിക്കുന്നത് ഞാനാദ്യമായാണ് കണ്ടത്. പ്രളയമടക്കമുള്ള സന്ദർഭത്തിൽ തങ്ങളുടെ കൂടെ ഒരു സർക്കാരുണ്ടെന്ന പ്രതീതി ജനങ്ങളിൽ ഉണ്ടാക്കുവാൻ പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭക്കും കഴിഞ്ഞതാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ പിൻബലത്തിന് കാരണം.
ജനങ്ങളുടെ സർക്കാരിനോടുള്ള ഈ ആഭിമുഖ്യം തെരഞ്ഞെടുപ്പിനു മുൻപുള്ള എൽ.ഡി.എഫ് വികസന ജാഥയിൽ അംഗമായപ്പോഴും എനിക്ക് വ്യക്തമായി അനുഭവിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്. എരിപൊരിവെയിലത്തും തടിച്ചുകൂടി നില്ക്കുന്ന ജനങ്ങളുടെ ഈ താല്പര്യം തന്നെയാണ് ഇടതുമുന്നണിയുടെ ഭരണതുടർച്ച എന്ന മുദ്രാവാക്യം യാഥാർഥ്യമാകുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നായി തനിക്കു കാണിക്കാനുള്ളതെന്നും വഹാബ് പറഞ്ഞു.
പരമ്പരാഗതമായി മലബാറിൽ സി.പി.എമ്മിനെ പിന്തുണച്ചിരുന്ന മുസ്‌ലിംവോട്ടുകൾ ഈ പ്രാവശ്യം മാറി ചിന്തിച്ചുണ്ടെന്ന നിരീക്ഷണത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ അത് തെറ്റാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ ബി.ജെ.പി ദുർഭരണണത്തിനറുതി വരുത്താൻ കോൺഗ്രസിന് സാധിക്കുമെന്നെ പ്രതീക്ഷയിലാണ് പലരും ഇടതുമുന്നണിയെക്കാൾ കൂടുതൽ കോൺഗ്രസിനെ പിന്തുണച്ചതെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ ഒന്നുമല്ല എന്നുള്ളതിനാൽ ബി.ജെ.പി വിരുദ്ധ മനോഭാവമുള്ള മുസ്‌ലിം വോട്ടുകളടക്കമുള്ളവ പൂർണമായി ഇടതുമുന്നണിയെ തന്നെയാണ് പിന്തുണക്കുകയെന്നും അദ്ദേഹം കൂട്ടിചേർത്തു.