ധാക്ക-ഇന്ത്യയിലെ കോവിഡ് 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടക്കാന്‍ ബംഗ്ലാദേശ് തീരുമാനിച്ചതോടെ, മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ നിരവധി ബംഗ്ലാദേശ് പൗരന്മാര്‍ കുടുങ്ങി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ അതിര്‍ത്തി അടച്ചതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ പെട്രപോളില്‍ നിരവധി ബംഗ്ലാദേശി പൗരന്മാര്‍ പ്രതിഷേധ പ്രകടനം നടത്തി.ഇന്ത്യയിലെ കോവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ്, ഇന്ത്യയില്‍ നിന്ന് കരമാര്‍ഗമുള്ള യാത്രാമാര്‍ഗങ്ങള്‍ അടച്ചത്. അനിശ്ചിത കാലത്തേക്ക് അതിര്‍ത്തികളെല്ലാം അടക്കുകയാണെന്നും തുറക്കുന്ന കാര്യത്തില്‍ മെയ് 9ന് തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വിദേശമന്ത്രി എ.കെ അബ്ദുല്‍ മൊമിന്‍ പറഞ്ഞു. ചരക്കുനീക്കത്തിനായി അതിര്‍ത്തികള്‍ തുറന്നുകൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബംഗ്ലാദേശ് വിലക്കേര്‍പ്പെടുത്തിയിരുന്നു.