കൊച്ചി- പീഡനക്കേസിലെ ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നതു കണക്കിലെടുത്ത് 22 വയസ്സുകാരനെതിരായ പോക്സോ കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി.
ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരിൽ പൊതുതാത്‌പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങൾ മുന്നിലെത്തുമ്പോൾ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിർദേശവും കോടതി കണക്കിലെടുത്തു.
കൊടകര പോലീസ് സ്റ്റേഷനിൽ 2019 ഫെബ്രുവരി 20-ന് രജിസ്റ്റർചെയ്ത കേസിലെ പ്രതിയാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വർഷം നവംബർ 16-ന് പെൺകുട്ടിയെ യുവാവ് വിവാഹം ചെയ്തു.
ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് പെൺകുട്ടിയും പരാതി നൽകിയ പെൺകുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.