കൊച്ചി- സോളാർ കേസിൽ സരിത എസ് നായരുടെ കത്ത് പൊതു ഇടങ്ങളിൽ ചർച്ച ചെയ്യരുതെന്ന് കേരള ഹൈക്കോടതി. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. കേസ് വിശദവാദത്തിനായി അടുത്തമാസം പതിനഞ്ചിലേക്ക് മാറ്റി. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്.
കേസിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. സോളാർ ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശ വിശദീകരിച്ച് നോട്ടീസ് ഇറക്കിയത് അനുചിതമായെന്നും വ്യക്തികളുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഈ കേസിൽ വിചാരണ തീരാതെ എങ്ങിനെ നിഗമനങ്ങളിൽ എത്തുമെന്നും കോടതി ചോദിച്ചു.
സരിതയുടെ കത്ത് ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. കേസ് ഇന്ന് രാവിലെ ഹൈക്കോടതി പരിഗണിച്ചു. ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.