ദുബായ്- ആഗോളതലത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് യുഎൻ റിപ്പോർട്ട്. 1.66 കോടി ഇന്ത്യക്കാരാണ് തൊഴിൽതേടിയും അഭയം തേടിയും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിട്ടുള്ളത്. ഇവരിൽ പകുതിയിലേറെയും ഗൾഫ് രാജ്യങ്ങളിലാണെന്നും യുഎൻ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര കുടിയേറ്റ റിപ്പോർട്ട് 2017ൽ പറയുന്നു. 2000ൽ 79 ലക്ഷമായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടു പതിറ്റാണ്ടിനുള്ളിൽ തന്നെ ഇരട്ടിയായി വർധിച്ചു. മെക്‌സിക്കോയാണ് രണ്ടാം സ്ഥാനത്ത്. 1.3 കോടി മെക്‌സിക്കൻ പൗരന്മാരാണ് വിദേശങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത്.
യുഎഇയിലാണ് ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹമുള്ളത്. 33.1 ലക്ഷം ഇന്ത്യക്കാർ ഇവിടെ ജോലി ചെയ്യുന്നു. 2000ൽ ഇത് പത്ത് ലക്ഷത്തിനടുത്ത് മാത്രമെ ഉണ്ടായിരുന്നുള്ളൂ. രണ്ടാമതായി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള രാജ്യം യുഎസ് ആണ്. 23 ലക്ഷം ഇന്ത്യക്കാർ യുഎസിലുണ്ട്.
സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 89 ലക്ഷമാണ്. 22.7 ലക്ഷം പേർ സൗദിയിലും 12 ലക്ഷം പേർ ഒമാനിലും 11.6 ലക്ഷം പേർ കുവൈത്തിലുമുണ്ട്.
മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രവാസികളുടെ എണ്ണം 52 ലക്ഷമാണ്. 2000നെ അപേക്ഷിച്ച് 12.2 ലക്ഷം പേരുടെ കുറവുണ്ട്. ആഗോള തലത്തിൽ നടക്കുന്ന കുടിയേറ്റത്തിന്റെ 60 ശതമാനവും വികസ്വരരാജ്യങ്ങൾക്കിടയിലാണ്. ഏ്ഷ്യക്കാരായ കുടിയേറ്റക്കാർ ഭൂരിപക്ഷവും ഏഷ്യൻ രാജ്യങ്ങളിലേക്കു തന്നെയാണ് കുടിയേറുന്നത്.
പ്രവാസികളെല്ലാം കൂടി അവരുടെ നാട്ടിലേക്കയക്കുന്നത് 400 ശതകോടി യുഎസ് ഡോളറാണെന്ന് യുഎൻ സാമ്പത്തിക, സാമൂഹിക കാര്യ വകുപ്പിലെ കുടിയേറ്റ വിഭാഗം മേധാവി ബെല ഹോവി പറയുന്നു. ഈ പണം അതതു രാജ്യങ്ങളിലെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭാസ, പാർപ്പിടാവശ്യങ്ങൾക്കാണ് ചെലവഴിക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
യൂറോപ്പില്‍ 13 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ബ്രിട്ടനിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. 8.36 ലക്ഷം പേര്‍. കാനഡയില്‍ ആറു ലക്ഷം ഇന്ത്യക്കാരുണ്ട്. എല്ലാ വിഭാഗം കുടിയേറ്റക്കാരേയും ഈ റിപ്പോര്‍ട്ടില്‍ പ്രവാസികളായി എണ്ണിയിട്ടുണ്ട്. തൊഴില്‍ തേടി പോകുന്നവരും, അഭയാര്‍ത്ഥികളായി പോകുന്നവരും അനധികൃതമായി കുടിയേറുന്നവരും ഇക്കൂട്ടത്തില്‍പ്പെടുമെന്നും ഹോവി പറയുന്നു.