കണ്ണൂര്‍- സൗജന്യമായി വാക്സിന്‍ നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത ബീഡിതൊഴിലാളിയായ ജനാര്‍ദ്ദനന്‍ ഉയര്‍ത്തിയ സന്ദേശം തിരിച്ചറിയുമോ എന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. ജനാര്‍ദ്ദനനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജയരാജന്റെ ചോദ്യം.
പി.ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് നവമാധ്യങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ്. വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടന്‍ ജനാര്‍ദ്ദനന്റെ വീട് അല്പസമയം മുന്‍പാണ് സന്ദര്‍ശിച്ചത്. പെട്ടെന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം.
ഫണ്ട് നല്‍കിയപ്പോള്‍ സമൂഹം ഇത്തരത്തില്‍ ആദരിക്കുമെന്ന് ജനാര്‍ദ്ദനന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരു വര്‍ഷം മുന്‍പാണ് ജനാര്‍ദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാര്‍ദ്ദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വര്‍ഷം ദിനേശ് ബീഡിയില്‍ പണിയെടുത്ത ശേഷമാണ് ജനാര്‍ദനന്‍ പിരിഞ്ഞത്.
തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു. സൗജന്യമായി വാക്സിന്‍ നല്‍കാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അന്ന് രാത്രി ഉറങ്ങാനായില്ല. പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നല്‍കിയതിന് ശേഷം സുഖമായി ഉറങ്ങി.
തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്. പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം.
സൗജന്യമായി വാക്സിന്‍ നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാര്‍ദ്ദനനെ പോലുള്ളവര്‍ ഉയര്‍ത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.?