മലപ്പുറം- കോവിഡ് എന്നത് അത്ര നിസാരമായ കാര്യമല്ലെന്നും ഏവരും ജാഗ്രതയോടെ ഇരിക്കണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. തന്റെ സ്‌നേഹിതന്റെ മരണവിവരം പങ്കുവെച്ചാണ് അലി ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ അടുത്ത സ്‌നേഹിതനും എന്റെ അനുജന്റെ ബിസിനസ് പങ്കാളിയുമായിരുന്ന ഷംസുദ്ദീൻ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടു. 40 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇനിയും ഒരുപാട് ഉയരങ്ങളിലേയ്ക്ക് എത്തേണ്ടിയിരുന്ന ചെറുപ്പക്കാരൻ. കുടുംബസമേതമുള്ള ഒരു അന്തർ സംസ്ഥാന യാത്രയ്ക്ക്‌ശേഷം മടങ്ങിയെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഠിനമായ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി മികച്ച രീതിയിലുള്ള കുറച്ച് ബിസിനസ് സ്ഥാപനങ്ങൾ കെട്ടിപടുക്കാൻ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ബിസിനസ് മാനേജ്‌മെന്റിൽ മിടുക്ക് തെളിയിച്ചതിനൊപ്പം സഹജീവി സ്‌നേഹവും കൈമുതലായുണ്ടായിരുന്ന മനുഷ്യസ്‌നേഹി.
ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയും ഇവിടെ എന്റെ മഹലിൽ തന്നെ ഖബറടക്കുകയും ചെയ്തു. ഞാൻ ഖബറടക്ക സമയത്ത് പോയിരുന്നു. ആംബുലൻസിൽ മൃതദേഹം വച്ചിരുന്നതിൽ നിന്നും ദൂരെ മാറി നിന്ന് നിസ്‌കരിച്ചു. എല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു തന്നെ. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പോസിറ്റീവായതിനാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളും ഏറ്റവും അടുത്ത ബന്ധുക്കളും മൃതദേഹം കാണാൻ വന്ന രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. പി.പി.ഇ. കിറ്റ് ധരിച്ച് നിന്ന ആ കുട്ടികളുടെ കരച്ചിലും കുടുംബത്തിന്റെ തേങ്ങലും എല്ലാം കൂടി ഒരുപാട് വികാരനിർഭരമായ നിമിഷം. ഷംസുദ്ദീന് ആദരാഞ്ജലികൾ. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.
ഞാൻ ഇവിടെ ഈ സംഭവം നിങ്ങളോട് പങ്കുവയ്ക്കാൻ കാരണം കോവിഡിന്റെ രണ്ടാം തരംഗം എന്നത് വളരെ ഗുരുതരമായ രീതിയിലാണ് പടർന്നു കൊണ്ടിരിക്കുന്നത് എന്ന് ഓർമ്മിപ്പിയ്ക്കുവാൻ വേണ്ടിയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ദില്ലിയിലുമൊക്കെയുള്ള കാഴ്ചകൾ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം എത്രത്തോളം ഗൗരവമേറിയതാണെന്ന് തിരിച്ചറിയണമെന്ന് പറയുവാൻ വേണ്ടിയാണ്.
കോവിഡ് പ്രതിരോധത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ നൽകുന്നത് പാലിക്കുന്നതിൽ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രതയിൽ അക്ഷന്തവ്യമായ അലംഭാവം കണ്ടു തുടങ്ങിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിൽ അത് വലിയ ആപത്തിനെ ആവും ക്ഷണിച്ചു വരുത്തുകയെന്ന് പറയാതെ വയ്യ. കോവിഡ് പോയില്ലെങ്കിലും കോവിഡിനെപ്പറ്റിയുള്ള ഭയം ചിലർക്കെങ്കിലും പോയിട്ടുണ്ടെന്നത് ഇതിന് തെളിവാണ്. ഭയം വേണ്ട, ജാഗ്രത മതി എന്ന് പറയുമ്പോഴും ജാഗ്രതകുറവുണ്ടായാൽ ഉണ്ടായേക്കാവുന്ന സ്ഥിതിയെക്കുറിച്ച് ഭയം കൂടിയേ തീരു. വാക്‌സിന്റെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളും നിലവിലെ സാഹചര്യങ്ങളെ അങ്ങേയറ്റത്തെ കരുതലോടെ തന്നെ നേരിടേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നതാണ്. അതുകൊണ്ട് എനിയ്ക്ക് വരില്ല എന്ന ചിന്ത മാറ്റി വച്ച് സർക്കാരിന്റെ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ഈ മഹാമാരിയെ നേരിടുന്നതിനുള്ള പോരാട്ടത്തിൽ മുൻപത്തെക്കാളും ജാഗ്രതയോടെ ഓരോരുത്തരും അണിചേരണം. ഒട്ടും വൈകാതെ ആ പഴയ നല്ല ദിനങ്ങൾ വരിക തന്നെ ചെയ്യും...