Sorry, you need to enable JavaScript to visit this website.

ഇതിലപ്പുറം മറ്റൊരു മോട്ടിവേഷനില്ല, മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി റഈസ്

പതിനേഴാം വയസ്സിലുണ്ടായ അപകടത്തെ തുടര്‍ന്ന് 17 വര്‍ഷമായി കിടപ്പിലായ റഈസ് ഹിദായ ആരാണെന്നു പരിചയപ്പെടുത്തേണ്ടതില്ല.
കഴുത്തിനു തളര്‍ന്നു പോയെങ്കിലും ഒട്ടും തളരാതെയാണ് ഓരോ ദിവസവും മലപ്പുറം ജില്ലയിലെ ഈ വെളിമുക്ക് സ്വദേശി സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നത്.
രസകരമായ മൂന്ന് ചോദ്യങ്ങള്‍ നേരിടേണ്ടിവന്നുവെന്നാണ് അവയ്ക്കുള്ള ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടുള്ള റഈസിന്റെ പുതിയ പോസ്റ്റ്.  


  വേറിട്ട സകാത്തുമായി കോടീശ്വരന്‍, 85 ലക്ഷം രൂപയുടെ ഓക്സിജന്‍ നല്‍കി

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

കഴിഞ്ഞ ദിവസം ജന്മദിനാശംസകള്‍ അറിയിച്ചു കൊണ്ട് വന്ന മെസേജുകള്‍ക്കിടയില്‍ രസകരമായ 3 ചോദ്യങ്ങള്‍ വീണ്ടും നേരിടേണ്ടി വന്നു.

ചോദ്യം 1:
എന്തേലും ആഗ്രഹങ്ങള്‍ ബാക്കിയുണ്ടോ?

ഉണ്ട്.

ഒന്ന് പറയോ?

എന്നേലും സ്വന്തമായി ഒരു വീട് എടുക്കാണെങ്കിലോ നിലവിലെ വീട് പുതുക്കി പണിയാണെങ്കിലോ ത്രികോണാകൃതിയില്‍ ഒരു റൂം പണിയിക്കണം.എന്നിട്ട് അവിടെ താമസമാക്കണം.

ആഗ്രഹം വിചിത്രമാണല്ലോ,അതെന്താ അങ്ങനെ?

എന്നിട്ടെങ്കിലും എനിക്ക് പറയണം ഞാന്‍ നാല് ചുവരുകള്‍ക്കുള്ളിലല്ല എന്ന്. അതിന് വേണ്ടിയാണ്..

ചോദ്യം 2:
മരിക്കാന്‍ തോന്നാറുണ്ടോ?

ആത്മഹത്യ ആണോ ഉദ്ദേശിച്ചേ?

അല്ല,അങ്ങനല്ല,എന്നാലും....

എന്തിന്..?

പതിനേഴ് വര്‍ഷായില്ലേ ഇങ്ങനെ കെടക്ക്ന്ന്.അപ്പൊ....

ഈ പതിനേഴ് വര്‍ഷത്തിനിടയില്‍ ഞാനേറ്റവും കൂടുതല്‍ നേരിട്ട ചോദ്യങ്ങളില്‍ ഒന്നാണിത്.ഒരുപക്ഷേ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന ശരീരത്തിന്റെ നിശ്ചലതയാവാം ഈ ചോദ്യം ഞാന്‍ അത്രയും തവണ നേരിടേണ്ടി വരുന്നതിന്റെ കാരണം.

ഇങ്ങള്‍ക്കൊരു കാര്യം അറിയോ?മരിക്കണംന്ന് തോന്നിയിട്ടില്ലാന്ന് മാത്രമല്ല,ഓരോ തവണയും അവന്റെ മുന്നില്‍ കുനിഞ്ഞിരിക്കുമ്പോ ഞാനെനിക്ക് വേണ്ടി പറയുന്ന ഒരൊറ്റ കാര്യം ആയുസ്സിനെ ദീര്‍ഘിപ്പിക്കണേ എന്നാണ്.

നുണഞ്ഞും ഞൊട്ടിയും നുകര്‍ന്ന് നുകര്‍ന്ന് തീരാത്തത്രയും രുചിയും അത്ഭുതങ്ങളും സൗഹൃദവും സ്‌നേഹവും ചുറ്റിലും ഉണ്ടായിരിക്കുമ്പോ പിന്നെ ഞാനെന്തിന് മരിക്കണം?

സുഹൃത്തേ,ഓരോ നിമിഷവും ഞാന്‍ ആഘോഷിക്കുകയും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.ഉടലല്ല, ഉയിരാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
ക മാ ിീ േഷൗേെ ലഃശേെശിഴ,ക മാ രലഹലയൃമശേിഴ ാ്യ ഹശളല.

ചോദ്യം 3:
എപ്പോഴെങ്കിലും മറ്റൊരാളായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ?

സുഹൃത്തേ,
സൂഫികളുടെയും രക്ഷതസാക്ഷികളുടെയും അല്ലാത്ത ഒരു ജീവിതവും ഇന്നോളം കൊതിപ്പിച്ചിട്ടില്ല.അത്രമേല്‍ തൃപ്തിയോടെയും ആനന്ദത്തോടെയും ആണ് അവനെന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്.അത്രയും കരുണയിലും കരുണ്യത്തിലുമാണ് അവനെന്നെ പൊതിഞ്ഞു നിര്‍ത്തിയിട്ടുള്ളത്.

ഇനിയൊരു നൂറ് ജന്മം ഈ ഭൂമിയിലുണ്ടെങ്കിലും ദാ ഈ റഈസ് ആയിട്ട് ഇങ്ങനെ തന്നെ ഈ ചുറ്റുമുള്ള മനുഷ്യരുടെ കൂടെ തന്നെ വീണ്ടും വീണ്ടും ജനിക്കാനാവണേ...

ദൈവമേ..
നിനക്ക് നന്ദി,നിനക്ക് നന്ദി,വീണ്ടും നിനക്ക് നന്ദി...

 

Latest News