റിയാദ് - പൊതുജനാരോഗ്യത്തിന് ഭീഷണിയും ഹാനികരവുമായ നിലക്ക് മാലിന്യങ്ങൾ സംഭരിക്കുന്നവർക്കും കത്തിക്കുന്നവർക്കും സംസ്‌കരിക്കുന്നവർക്കും ഉപേക്ഷിക്കുന്നവർക്കും പത്തു വർഷം വരെ തടവും മൂന്നു കോടി റിയാൽ വരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ വേസ്റ്റ് മാനേജ്‌മെന്റ് നിയം ശൂറാ കൗൺസിൽ പാസാക്കി. മാലിന്യ ശേഖരണം, നീക്കം ചെയ്യൽ, തരംതിരിക്കൽ, സംഭരണം, ഇറക്കുമതി, കയറ്റുമതി, സംസ്‌കരണം, മാലിന്യ നിർമാർജന കേന്ദ്രങ്ങളുടെ പരിപാലനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വ്യവസ്ഥാപിതമാക്കാനും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നു.
ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നിന്ന് ലൈസൻസോ പെർമിറ്റോ നേടിയ ശേഷമല്ലാതെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നത് നിയമത്തിലെ മൂന്നാം വകുപ്പ് വിലക്കുന്നു. പുനഃചംക്രമണം, റിസോഴ്‌സ് റിക്കവറി, മാലിന്യങ്ങൾ സുരക്ഷിതമായി ഉപേക്ഷിക്കൽ എന്നിവ അനുസരിച്ച് മികച്ച പാരിസ്ഥിതികവും സാമ്പത്തികവുമായ ഫലങ്ങൾ നൽകാൻ മാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ നിയമം നിർബന്ധിക്കുന്നു. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുകയോ കുഴിച്ചിടുകയോ കത്തിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിയമം വിലക്കുന്നു.