കോട്ടക്കല്‍- പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെക്കാന്‍ തെരുവിലിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലോക്കിട്ട് കോട്ടക്കല്‍ പോലീസ്. പുത്തൂര്‍ ബൈപാസ് റോഡില്‍ നിന്നും വാഹന റാലിയായി കോട്ടപ്പടി വഴി കോട്ടക്കല്‍ ടൗണിലേക്ക് റാലി നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ പദ്ധതി. കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി കാറുകളിലും ബൈക്കുകളിലും മാസ്‌ക് ധരിക്കാതെയും വാഹനത്തിന്റെ മുകളില്‍ കയറിയിരുന്നും ആഘോഷമാക്കി വന്നിരുന്ന വിദ്യാര്‍ഥികളെ കോവിഡ് കര്‍ശന പരിശോധനയുടെ ഭാഗമായി കോട്ടപ്പടിയില്‍ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങള്‍ അടക്കം നാലു വാഹനങ്ങള്‍ പിടികൂടി.
പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.വിദ്യാര്‍ഥികളുടെ റാലിയില്‍ മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതെ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മൂന്ന് കാറുകളും രണ്ട് ബൈക്കുകളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.