Sorry, you need to enable JavaScript to visit this website.

ലെവി പിന്‍വലിക്കുമോ? സൗദി ബജറ്റില്‍ കണ്ണുംനട്ട് പ്രവാസികള്‍

* പൊതുവരുമാനത്തിൽ 23 ശതമാനം വർധന

റിയാദ് - അടുത്ത കൊല്ലത്തേക്കുള്ള ബജറ്റ് സൗദി അറേബ്യ ഇന്ന് പ്രഖ്യപിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റ് പ്രഖ്യാപിക്കുക. സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം ചെയ്യുകയും പൊതുവരുമാനം വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പുതിയ ബജറ്റിൽ പൊതുചെലവുകൾക്ക് കൂടുതൽ തുക വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളിൽ ഇളവുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രവാസികൾ. ലെവി അടക്കമുള്ള കാര്യങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച നടപടികൾ പിൻവലിക്കുമോ എന്ന് പ്രവാസികൾ ഉറ്റുനോക്കുന്നുണ്ട്. പെട്രോൾ വില വർധനവ് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പെട്രോളിയം ഉൽപന്നങ്ങൾക്ക് വർധനവുണ്ടാകുമെന്നാണ് സൂചന.


ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ പൊതുവരുമാനം 23 ശതമാനം വർധിച്ച് 45,012 കോടി റിയാലിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പൊതുവരുമാനം 36,608 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ മൂന്നു പാദങ്ങളിൽ പൊതുവരുമാനത്തിൽ 8,400 കോടി റിയാലിന്റെ വർധനവാണുണ്ടായത്. ഒമ്പതു മാസത്തിനിടെ പെട്രോൾ മേഖലയിൽനിന്ന് 30,731 കോടി റിയാലും പെട്രോളിതര മേഖലയിൽനിന്ന് 14,280 കോടി റിയാലും വരുമാനം ലഭിച്ചു. ഒമ്പതു മാസത്തിനിടെ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനത്തിൽ ആറു ശതമാനവും പെട്രോൾ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ 33 ശതമാനവും വർധനവ് രേഖപ്പെടുത്തി. ഒമ്പതു മാസത്തിനിടെ പൊതുധന വിനിയോഗം 57,160 കോടി റിയാലാണ്. ഇക്കാലയളവിലെ കമ്മി 12,150 കോടി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ കമ്മി 40 ശതമാനം കുറഞ്ഞു. 
ആദ്യ പാദത്തിൽ വരുമാനം 14,407 കോടി റിയാലും ചെലവ് 17,028 കോടി റിയാലും കമ്മി 2,621 കോടി റിയാലും രണ്ടാം പാദത്തിൽ വരുമാനം 16,390 കോടി റിയാലും ചെലവ് 21,042 കോടി റിയാലും കമ്മി 4,651 കോടി റിയാലും മൂന്നാം പാദത്തിൽ വരുമാനം 14,214 കോടി റിയാലും ചെലവ് 19,087 കോടി റിയാലും കമ്മി 4,873 കോടി റിയാലുമാണ്. ആശ്രിത ലെവിയും സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവികൾ ഉയർത്തുന്നതും സബ്‌സിഡികൾ എടുത്തുകളയുന്നതും വഴി അടുത്ത വർഷം കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നത്. 


 

Latest News