കണ്ണൂര്‍- സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നു. ഇന്ന് മാത്രം 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ രോഗ ബാധിതരുടെ എണ്ണം 154 ആയി ഉയര്‍ന്നു. രണ്ട് ദിവസത്തിനുള്ളിലാണ് 144 തടവുകാര്‍ക്കും പത്ത് ജയില്‍ ജീവനക്കാര്‍ക്കും രോഗം പടര്‍ന്നത്. രോഗം ബാധിച്ച തടവുകാരെ ജയിലിനകത്ത് തന്നെയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് നേരത്തെയും കോവിഡ് ബാധിച്ചിരുന്നു, എന്നാല്‍ ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആദ്യമായാണ്. കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ജയിലിനകത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ജയിലില്‍ നിയന്ത്രണം ശക്തമാക്കി. രോഗമില്ലാത്ത തടവുകാര്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് വിലക്കിയിട്ടുണ്ട്. അസുഖം ബാധിച്ച തടവുകാരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ തടവുകാര്‍ക്ക് രോഗം ബാധിച്ചതോടെ ജയിലില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണ യൂനിറ്റും പ്രതിസന്ധിയിലായി.