കോഴിക്കോട്- യു.പി പോലീസ് തടവിലാക്കിയ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു.
കത്തിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ചികിത്സാ സംവിധാനത്തെപ്പറ്റി യു.പി. സർക്കാരിനോട് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം താമസംവിനാ നിർവ്വഹിക്കണമെന്ന് ഒരു പൗരനെന്ന നിലയിൽ താങ്കളോട് അപേക്ഷിക്കുവാനാണ് ഈ കത്ത് '
സിദ്ദിഖ് കാപ്പൻ എന്ന വ്യക്തി ഈ രാജ്യത്തെ കൊടും കുറ്റവാളിയോ യു.എ.പിഎ.പരിധിയിൽ വരുന്ന ആളോ അല്ല. മറിച്ച് നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന അംഗീകൃത പത്രപ്രവർത്തകനാണ്. കുപ്രസിദ്ധമായ 'യു.പി. വാർത്താ പരിസരത്ത് ' സത്യം അന്വേഷിച്ചു പോയി എന്ന 'കുറ്റകൃത്യം' മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു എന്ന് മലയാളികളായ നമുക്കേവർക്കും അറിയാം. നമുക്ക് മാത്രമല്ല ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങൾക്കെല്ലാം അറിയാം.അവരൊക്കെ സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിൽ ഒരു ചീത്ത ഭരണകൂടം നടത്തിയ തികഞ്ഞ ഹിംസയ്‌ക്കെതിരെ പ്രതിഷേധ മനസ്സുള്ളവരുമാണ്.
ഒരു മാധ്യമ പ്രവർത്തകന്റെ പ്രിവിലേജിനപ്പുറത്ത്, ഒരു സാധാരണ മനുഷ്യൻ, അതീവ ഗുരുതരനിലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ചങ്ങലയിൽ ബന്ധിച്ച നിലയിൽ ചികിത്സ നിഷേധിക്കപ്പെട്ട നിലയിൽ അതെ, ഒരു മലയാളി ഇതര സംസ്ഥാനത്തിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന പരസ്യമായ നീതികേടിനെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ആദരണീയനായ താങ്കൾ ഇടപെടേണ്ടതുണ്ട്. കാപ്പനെ സംബന്ധിച്ചിടത്തോളം, താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയാണെന്നത് ഇവിടെ പ്രത്യേകം അടിവരയിടേണ്ടതാണ്.
എത്രയും പെട്ടെന്ന് താങ്കൾ കാപ്പന്റെ ജീവൻ നിലനിർത്താനാവശ്യമായ വിധം കാരുണ്യപൂർവ്വം ഇടപെടണമെന്ന് ഒരിക്കൽക്കൂടി അപേക്ഷിക്കുന്നു.
വിനയപൂർവ്വം
കേരളത്തിലെ ഒരെഴുത്തുകാരൻ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്