റിയാദ് - ഇന്ത്യയിൽ നിന്നെത്തുന്ന ടൂറിസ്റ്റുകൾക്ക് ഹോട്ടലുകളോ അതിഥി മന്ദിരങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന മാലിദ്വീപ് സർക്കാറിന്റെ തീരുമാനം പുറത്തുവന്നതോടെ സൗദി പ്രവാസികളുടെ മാലിദ്വീപ് യാത്രയും പ്രതിസന്ധിയിലായി. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഈ വിലക്ക് ഈ മാസം 27 ന് നിലവിൽ വരുമെന്നാണ് മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ അറിയിപ്പിലുള്ളത്.
ടൂറിസം പ്രധാനവരുമാന മാർഗമായ മാലിദ്വീപിൽ ഈ വർഷം ഏറ്റവുമധികം ടൂറിസ്റ്റുകളെത്തിയത് ഇന്ത്യയിൽ നിന്നായിരുന്നു. ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വിവിധ പദ്ധതികളും സർക്കാർ നടത്തിയിരുന്നു. അതിനിടെയാണ് ഇന്ത്യയിൽ കോവിഡ് നിരക്ക് കുതിച്ചുയർന്നത്. കഴിഞ്ഞ ഒരാഴ്ചയായി മാലിദ്വീപിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇതാണ് ഇന്ത്യക്കാരെ നിയന്ത്രിക്കാൻ പെട്ടെന്ന് മാലിദ്വീപും തീരുമാനിച്ചത്.
ചൊവ്വാഴ്ച മുതൽ ജനവാസമുള്ള ദ്വീപുകളിലെ ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലും ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ഇന്ത്യക്കാർക്ക് നൽകില്ലെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. മാലിദ്വീപിലേക്ക് ഓൺഅറൈവൽ വിസ ലഭിക്കാൻ ഇന്ത്യക്കാർക്ക് ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണ്. ചൊവ്വാഴ്ച മുതൽ ഇന്ത്യക്കാർക്ക് അത്തരം ബുക്കിംഗ് ലഭിക്കില്ല. അതോടെ മാലിയിലേക്ക് യാത്ര ചെയ്യാനാവില്ല. എന്നാൽ ദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് യാത്രാതടസ്സമില്ല. അവർ 10 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരും.
നേപ്പാൾ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ഇപ്പോൾ സൗദി പ്രവാസികൾ തെരഞ്ഞെടുക്കുന്നത്. അതിനിടെ ഒമാനിലേക്ക് പോകുന്നവരും മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നത് കാരണം അവരും നേപ്പാളും ബഹ്‌റൈനും മാലിദ്വീപും ഉപയോഗിച്ചുവരുന്നുണ്ട്.ചൊവ്വാഴ്ച മുതല്‍ പുതിയ ബുക്കിംഗ് സ്വീകരിക്കാന്‍ പാടില്ലെന്നാണ് ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. നിലവില്‍ അവിടെ താമസിക്കുന്നവര്‍ക്കും ചൊവ്വാഴ്ചക്ക് മുമ്പ് അവിടെ എത്തുന്നവര്‍ക്കും വിലക്ക് ബാധകമല്ല.