കേരള - കർണാടക അതിർത്തിയിൽ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഇരിട്ടി ബ്രിട്ടീഷ് പാലം ഇനി ഓർമ. അക്കരെയിക്കരെ, അതിരിടാത്ത സ്‌നേഹത്തിന്റെ അസംഖ്യം പാദചലനങ്ങൾക്ക് പാതയൊരുക്കിയ, കരുതലിന്റെ കമാനങ്ങളുയർത്തിയ, ബ്രിട്ടീഷ് ഇന്ത്യയുടെ ഇരുമ്പിന്റെ കരുത്തിൽ ഇത്രയുംകാലം കുലുങ്ങാതെ നിന്ന ഇരിട്ടി പാലത്തിന്റെ സ്ഥാനത്ത് രണ്ടാഴ്ച മുമ്പ് പുതിയ പാലം തുറന്നു. ഇരിട്ടിയുടെ ഇതിഹാസമായ ബ്രിട്ടീഷ് പാലം കേരളീയ ചരിത്രത്തിൽ കൊത്തിവെച്ച പാദമുദ്രകളെക്കുറിച്ച്:
ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചയുടെ സർവാധിപത്യവാഴ്ചകളും അരുംകൊലകളും സമാനതകളില്ലാത്ത കൊടും ക്രൂരതകളുമെല്ലാം നമ്മുടെ ഓർമ്മകളുടെ ഉള്ളം പൊള്ളിക്കുമ്പോഴും നിത്യവിസ്മയങ്ങളായ കാഴ്ചകളും ശിൽപ നിർമ്മാണ ചാതുരിയുള്ള കോട്ടകളും കവാടങ്ങളും കെട്ടിടങ്ങളും തുറമുഖങ്ങളും സ്‌കൂളുകളും റോഡുകളും പാതാറുകളും പാലങ്ങളും അധിനിവേശ ഇന്ത്യയ്ക്ക് സാമ്രാജ്യത്വം സമ്മാനിച്ച സംഭാവനകൾ കൂടിയാണെന്നത് നാം വിസ്മരിച്ചു കൂടാ.
ബ്രിട്ടീഷുകാർ കാപ്പിയും ഏലവും കുരുമുളകുമടക്കം രാജ്യത്തെ വിഭവശേഷികൾ ഒന്നടങ്കം കടൽ കടത്തിക്കൊണ്ടു പോകുമ്പോഴും മലഞ്ചെരിവുകളും കാട്ടുകുന്നുകളും ഇടതൂർന്ന വനമേഖലകളും മാത്രമുണ്ടായിരുന്ന കേരളീയ ഭൂപ്രകൃതിയിൽ നടപ്പാതകളും നടവഴികളും മതിൽ കെട്ടുകളും കമാനങ്ങളും തോടുകളും തടയണകളും പാലങ്ങളും നിർമ്മിച്ച് ഉൾഗ്രാമങ്ങൾ പോലും മനുഷ്യയോഗ്യമാക്കിയ നൂറുകണക്കിന് സംഭാവനകളുമുണ്ട്.
ഇരിട്ടി പാലം അഥവാ ബ്രിട്ടീഷ് പാലം
അതിലൊന്നാണ് ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള, ഉത്തരകേരളത്തിലെ കണ്ണൂർ ജില്ലയിലെ കേരള-കർണാടക അതിർത്തിയിൽ ബ്രഹ്മഗിരി മലനിരകളെ തഴുകി ഒഴുകുന്ന ഇരിട്ടി പുഴക്ക് കുറുകെ പണിത, നാട്ടുകാർ ബ്രിട്ടീഷ് പാലമെന്ന് വിളിക്കുന്ന, ഇരിട്ടി പട്ടണത്തിന് പ്രൗഢിയും ഗാംഭീര്യവും നൽകുന്ന ഇരിട്ടി പാലം. കേരള അതിർത്തിയിലെ കിഴക്ക് പടിഞ്ഞാറൻ മലകളെയും കർണാടക-കൂർഗ് വനമേഖലകളെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന ഈ പാലം കടന്നാണ് സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുണ്ടായിരുന്ന വടക്കേ മലബാറിലെ അനേകം തലമുറകൾ ജോലി തേടിയും ചെറുകിട കച്ചവട സാധ്യതകൾ തിരഞ്ഞും കുടക് മലകളും കുന്നുകളും കയറിയിറങ്ങിയത്.
കർണാടകത്തിൽ നിന്നും ഇരിട്ടിയിലേക്കും തലശ്ശേരിയിലേക്കും കാൽനടയായും കാളവണ്ടിയിലൂടെയും തലശ്ശേരി-മൈസൂർ പാതയെന്നും തലശ്ശേരി കൂർഗ് പാതയെന്നും അറിയപ്പെട്ടിരുന്ന തലശ്ശേരി-കർണാടക റോഡ് വഴി യാത്ര ചെയ്തിരുന്നത് ബ്രിട്ടീഷുകാർ പണിത ഈ പാലം വഴിയായിരുന്നു.
പ്രായത്തിന്റെ ജരാനരകൾ ബാധിച്ചിട്ട് പോലും ദിനേനയെന്നോണം നൂറുക്കണക്കിന് വാഹനങ്ങളും ചരക്കു വണ്ടികളും കണ്ടയ്‌നർ ലോറികളും കയറിയിറങ്ങിയ പ്രതാപിയായ ഇരിട്ടി പാലമെന്ന ഈ ഉരുക്കു പാലത്തിന്റെ ഒമ്പത് പതിറ്റാണ്ട് കാലത്തെ സാഹസിക യാത്രയുടെ കഥ അവസാനിക്കുകയാണ്. ഒരു നൂറ്റാണ്ടിനിടയിൽ ജീവിച്ച ഒരു ജനതയുടെ സാഹസികതയുടെയും അന്നം തേടിയുള്ള തേരോട്ടത്തിന്റെയും നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെയും കഥയ്ക്ക് സാക്ഷിയായ ഇരിട്ടി പാലമെന്ന ഈ ബ്രിട്ടീഷ് പാലത്തിന്റെ ചരിത്ര മറിയുന്നവരും ഓർമ്മകളെ വീണ്ടെടുക്കാനാവുന്നവരും ഇന്ന് അപൂർവ്വമാണ്.
എഴുത്തുകാരനും കണ്ണൂർ ഇരിട്ടി മലയോര നിവാസിയും പ്രവാസിയായിരുന്ന കാലത്ത് മലയാളം ന്യൂസ് തബൂക്ക് ലേഖകനുമായിരുന്ന ഹനീഫ ഇരിട്ടി പ്രസിദ്ധീകരിച്ച തന്റെ 'ഇരിട്ടി പാലം' എന്ന പുസ്തകത്തിനു വേണ്ടി പ്രായമായ പലരെയും നേരിൽ കണ്ടും കേട്ടും ഒരു വർഷത്തോളം നീണ്ട പ്രയത്‌നത്തിനിടയിൽ ലഭ്യമായ ഗവേഷണത്തിനൊടുവിൽ കണ്ടെത്തിയ ചിലത് പുസ്തകത്തിൽ കുറിച്ചിട്ടിട്ടുണ്ട്. കാലം അവശേഷിപ്പിച്ച ചില പരിക്കുകളോടെ ഇനി ഇരിട്ടി പാലം തകർന്ന് വീഴുകയോ തകർക്കപ്പെടുകയോ ചെയ്‌തേക്കാം.
വിസ്മയിപ്പിക്കുന്ന സാങ്കേതിക വിദ്യ
ബ്രിട്ടീഷ് ഇന്ത്യൻ ഭരണകാലത്തെ ബ്രിട്ടീഷ് എഞ്ചിനീയറിങ് വൈദഗ്ധ്യം വിളിച്ചോതുന്ന ചുരുക്കം പാലങ്ങളിലൊന്നാണ് ഇരിട്ടി പാലം. അതിന് കാരണങ്ങളുമുണ്ട്. എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന്റെ അപൂർവ മാതൃകകളായ ഇത്തരം പാലങ്ങളിലൊന്ന് ഇന്ത്യയിലുളളത് ആന്ധ്രപ്രദേശിലാണ്.
പ്രശസ്തമായ ഫറോക്ക് പാലമാണ് വേറൊന്ന്. കുറ്റിപ്പുറം പാലവും തൃശൂരിലുള്ള ഒരു പാലവും ഏതാണ്ട് ഇതേ മാതൃകയിലുള്ളതാണ്. മറ്റൊന്ന് തലശ്ശേരിയിലെ മൊയ്തുപ്പാലമാണ്. 1922 നും 40 നുമിടയ്ക്ക് സമാനമായ ഇത്തരം ഏഴ് പാലങ്ങളാണ് ബ്രിട്ടീഷുകാർ നിർമിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ ഏറെ പ്രത്യേകതയുളളത് ഇരിട്ടി പാലത്തിനായിരുന്നു.
മറ്റ് പാലങ്ങളാക്കെ സാധാരണ സഞ്ചാരത്തിന് മാത്രമായാണ് നിർമ്മിച്ചിരുന്നതെങ്കിൽ ഇരിട്ടി പാലത്തിന്റെ നിർമ്മാണത്തിന്റെ ഉദ്ദേശ്യം അത് മാത്രമായിരുന്നില്ല.
കുടക് വനമേഖലകളിൽ നിന്നുള്ള നാണ്യവിളകളും വനസമ്പത്തുകളും ശേഖരിച്ച് കടത്തിക്കൊണ്ടുവരാനും വെറും കാതൽ പാളികൾ മാത്രമുള്ള തടിമരങ്ങൾ കടത്തിക്കൊണ്ടുവരാനും ചരക്കു വണ്ടികൾക്ക് കയറിയിറങ്ങുവാനുമൊക്കെയുള്ള ഉദ്ദേശ്യവും കൂടിയുണ്ടായിരുന്നു ഇതിന് പിന്നിൽ. അതിലുപരി വെള്ളക്കാർക്ക് മൈസൂർ ഭാഗത്തേക്കുള്ള സൈനിക യാത്രാസൗകര്യമെന്ന രഹസ്യഅജണ്ടയുമുണ്ടായിരുന്നു.
ഇരിട്ടി പഴയ പാലം
1933 ൽ നിർമിച്ച ഈ ബ്രിട്ടീഷ് നിർമിത പാലത്തിനു മുമ്പ് ഇരിട്ടി പുഴയ്ക്ക് കുറുകെ ഒരു പഴയ പാലമുണ്ടായിരുന്നു. താരതമ്യേന ചെറുതും സാങ്കേതിക വൈദഗ്ധ്യവുമൊന്നുമില്ലാതിരുന്ന ആ പഴയ പാലം കൊല്ലവർഷം 99 ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയാണുണ്ടായത്. കേരളം കണ്ട ആദ്യത്തെ ആ മഹാപ്രളയത്തിലാണ് മൂന്നാർ, കുട്ടനാട് അടക്കമുള്ള പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായതും ജ്ഞാനപീഠ ജേതാവായ തകഴി ശിവങ്കരപിള്ള കുട്ടനാടൻ പശ്ചാത്തലത്തിലുള്ള നോവലുകളും 'വെള്ളപ്പൊക്കത്തിൽ' എന്ന നൂറ്റാണ്ടിലെ തന്നെ ഇതിഹാസമായ കഥ എഴുതാനിടയായതും.
പഴയ പാലം ഒഴുകിപ്പോയതോടെ ബ്രിട്ടീഷുകാരുടെ കൂർഗ് വനമേഖലയിലേക്കുള്ള സഞ്ചാരവും അതു വഴിയുള്ള വരുമാനവും നിലച്ചു. തുടർന്ന് അന്ന് മദിരാശി പ്രവിശ്യയുടെ ആസ്ഥാനത്തിൻ കീഴിലായിരുന്ന ബ്രിട്ടീഷ് മലബാർ ഭരണാധികൾക്ക് ഇരിട്ടി പുഴയിൽ പുതിയൊരു പാലംപണിയാനുള്ള മേലധികാരികളുടെ കൽപ്പന ലഭിച്ചു.
തലശ്ശേരിയിൽ ട്രെയിനിറങ്ങിയ സായിപ്പൻമാരായ ഒരു സംഘം എഞ്ചിനീയർമാരും ഉദ്യോഗസ്ഥൻമാരും മേസ്തിരിമാരും ജഡ്ക്ക വണ്ടിയിൽ ഇരിട്ടിയിലെത്തി.ഏണസ്റ്റ് ജെയിംസ് സ്റ്റുവാർട്ട് എന്ന വിദഗ്ധനായ എഞ്ചിനീയറുടെ നേതൃത്വത്തിൽ 1931 ലായിരുന്നു പാലം പണി ആരംഭിച്ചത്. ബ്രിട്ടീഷുകാരൻ തന്നെയായ ജോർജ് ആന്റേഴ്‌സണായിരുന്നു രൂപകൽപന. പാലത്തിന്റെ അസ്തിവാരപ്രവൃത്തി മുതൽ മിനുക്കു പണികൾ വരെ നൂറുക്കണക്കിന് തദ്ദേശീയ തൊഴിലാളികളും തമിഴൻമാരും കൊറഗരും കാലങ്ങളോളം പാലത്തിനു വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ട്. അസ്തിവാരത്തിന് മീതെ കരിങ്കൽ തൂണുകൾ ഉയർന്നപ്പോൾ തൂണുകൾക്ക് ബലമേകാൻ നരബലി നടത്തിയതായും പറയപ്പെടുന്നു. സുർക്കിയെന്ന പ്രത്യേക മിശ്രിതവും ചുണ്ണാമ്പും ശർക്കരയും ചേർത്ത് തേച്ചാണ് കരിങ്കൽ പാളികൾ ഉറപ്പിച്ചു പുഴക്ക് കുറുകെ തൂണുകൾ നിർമ്മിച്ചത്.
ഏത് സമയത്തും കൂറ്റൻ മലവെള്ളപ്പാച്ചിലുകളും ഉരുൾ പൊട്ടലുകളും കുത്തിയൊലിച്ചു വന്നേക്കാവുന്ന, ഇടതൂർന്ന നിബിഡ വനങ്ങളും നെടുങ്കൻ മലകളും ചെങ്കുത്തായ ഭീമൻ പാറക്കെട്ടുകളും ഗർത്തങ്ങളും ഒരേ പോലെ ഇരുഭാഗത്തും അതിരിട്ടു നിൽക്കുന്ന രണ്ടു സംസ്ഥാനങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കിടയിലൂടെ ഒഴുകുകയും പടിഞ്ഞാറ് ബരാപ്പുഴയുടെയും കിഴക്ക് ബാവലിപ്പുഴയുടെയും സംഗമവുമായ ഇരിട്ടിപ്പുഴയ്ക്ക് വേണ്ട എല്ലാ മുൻകരുതലുകളോടെയുമാണ് പുതിയ പാലത്തിന്റെ പണിയാരംഭിച്ചത്.
കരുത്തുറ്റ തൂണുകളുടെ കാവൽ
ഫറോക്ക് പാലത്തിന്റെയും മൊയ്തുപ്പാലത്തിന്റെയുമൊക്കെ നിർമ്മിതികളിൽ ഒത്ത നടുക്ക് ഡയമണ്ട് ആകൃതിയിൽ വലിയ വ്യാസമുള്ള ഒ ആകൃതിയുള്ള നെടുങ്കൻ ഒറ്റത്തൂണുകളായിരുന്നെങ്കിൽ ഇരിട്ടി പാലത്തിന്റെ തൂണുകളുടെ ആകൃതി അങ്ങനെയായിരുന്നില്ല. തൂണുകൾക്ക് പൊതുവെ കാണാറുള്ള ഓവൽ ഷെയ്‌പ്പോ വൃത്താകൃതിയോ ആയിരുന്നില്ല. കുടക് മലകളെ തകർത്ത് കൂലംകുത്തിയൊഴുകി വരുന്ന മലവെള്ളപ്പാച്ചിൽ ഓരോ തവണയും പുഴയെ വലിച്ചെടുത്തു കൊണ്ടുപോയി സംഭവിക്കാനിടയുള്ള വലിയ ആഴം കൂടി കണക്കിലെടുത്ത് വളരെ താഴ്ചയിൽ നിന്നുതന്നെ ഗോപുരത്തിന്റെ കമാനാകൃതിയിൽ വിസ്തൃതിയുള്ള നാല് തട്ടുകളായാണ് ഓരോ തൂണുകളും നിർമിച്ചിട്ടുള്ളത്. ഓരോ തട്ടും ഒന്ന് മറ്റൊന്നിനെ താങ്ങുന്ന വിധത്തിലുള്ള പ്രത്യേക നിർമ്മിതിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു.
വർഷ കാലത്ത് കുടക് വനമേഖലകളിൽ നിന്നും കേരള - കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ നിന്നും ഉത്ഭവിക്കുന്ന ബാവലി-ബാരാപ്പുഴയ്ക്ക് പുറമെ കൊട്ടിയൂർ മേഖലകളിൽ നിന്നും ഒഴുകി വരുന്ന പുഴയുൾപ്പെടെ നിറഞ്ഞൊഴുകുന്ന ഇരിട്ടിപ്പുഴയിൽ സംഗമിച്ച് ഏതാനും കിലോമീറ്റർ മാത്രം അകലമുള്ള പഴശ്ശി അണക്കെട്ടിൽ ചെന്ന് ലയിച്ച് വളപട്ടണം പുഴയിലൂടെ ഒഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ ചെന്ന് ചേരുകയാണ് ചെയ്യുക. സ്വാഭാവികമായും കാലവർഷം കുത്തിയെടുത്ത് കൊണ്ടുവരുന്ന മലവെള്ളപ്പാച്ചിലിൽ കുടക് വനത്തിൽനിന്ന് കടപുഴക്കി ചുഴറ്റിയടിച്ചു കൊണ്ടു വരുന്ന ഭീമൻ വൃക്ഷങ്ങളും മരത്തടികളും പാലത്തിന്റെ തൂണുകളിൽ തട്ടി തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ കരിങ്കൽ പാളികൾ അടർന്ന് വീഴാനോ ഉള്ള സാധ്യത ഏറെയാണ്. അത് കൂടി കണക്കിലെടുത്തു കൊണ്ടുള്ള ദീർഘവീക്ഷണവും കൂടി ഇരിട്ടി പാലം നിർമാണത്തിൽ ഉണ്ടായിട്ടുണ്ട്. വീതിയുള്ള തൂണുകളുടെ ഇരുവശങ്ങളും ത്രിമാനാകൃതിയിലാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഇതു മൂലം ശക്തമായ അടിയൊഴുക്കുള്ള പുഴയിലൂടെ ഒഴുകി വരുന്ന വൃക്ഷങ്ങളും മരത്തടികളും പാലത്തിന്റെ തൂണിൽ തട്ടി കേടുപാടുകൾ വരാതെ ഇരുവശങ്ങളിലേക്കും തെന്നിയൊഴുകും. ബീം നിർമാണത്തിനായുള്ള ഭീമാകാരൻമാരായിട്ടുള്ള ഉരുക്കുപാളികൾ ലണ്ടനിൽ നിന്നും ഷെഫീൽഡിൽ നിന്നുമൊക്കെയായി ചരക്കുകപ്പലുകളിൽ തലശ്ശേരി കടൽപ്പാലത്തിലെത്തിച്ചാണ് കരമാർഗം ഇരിട്ടിയിലേക്ക് കൊണ്ടുവന്നത്.
മേൽക്കൂര സ്വയം ഭാരം താങ്ങുന്ന സാങ്കേതിക വിദ്യ
കൂറ്റൻ ഇരുമ്പു പാളികൾ കൊണ്ട് മേൽക്കൂര തീർത്ത്, പാലത്തിന്റെ ഇരു വശങ്ങളും മുകൾ ഭാഗവും ചതുരാകൃതിയിലുള്ള കവചങ്ങൾ പോലെ ഒരുക്കിയ പാലത്തിന്റെ നിർമാണ രീതി കൗതുകവും ആശ്ചര്യകരവുമായിരുന്നു. കവചങ്ങൾ പോലുള്ള പാലത്തിന്റെ ചതുരകമാനങ്ങൾ തന്നെ താഴത്തെ ഭാരവും കൂടി പേറുന്ന തരത്തിൽ സ്ലാബുകൾ യോജിപ്പിച്ച എഞ്ചിനീയറിംഗ് വൈദഗ്ധ്യം അക്കാലത്ത് അത്ഭുതകരമായിരുന്നു. ഇതിന്റെ, ആരുടെയും ശ്രദ്ധയിൽ പതിഞ്ഞിട്ടില്ലാത്തതും ആരും എവിടെയും പറഞ്ഞു കേട്ടിട്ടുമില്ലാത്തതുമായ മറ്റൊരു പ്രത്യേകത, പുഴയുടെ ഇരുകരകളിലുമായി പാലത്തിന്റെ ഇരുഭാഗത്തും രണ്ടു വശങ്ങളിലായി ഏഴടി ഉയരത്തിൽ കെട്ടിപ്പടുത്തിട്ടുള്ള വീതിയുള്ള കരിങ്കൽ പാളി കൊണ്ട് തീർത്ത ചതുരത്തിലുള്ള കമാനങ്ങളാണ്. ഒരു പക്ഷെ മറ്റൊരു പാലത്തിനുമില്ലാത്ത ഈ കമാനം ബ്രിട്ടീഷുകാരുടെ ആചാര്യ മര്യാദകളുടെ ഭാഗമായുള്ള ദീർഘവീക്ഷണമാകാം. മറ്റെല്ലാ പാലങ്ങളും ഒരേ സംസ്ഥാനത്തിനകത്ത് തന്നെയായപ്പോൾ ഇരിട്ടി പാലം രണ്ടു സംസ്ഥാനങ്ങളുടെയും അതിരിലാണ് എന്ന പ്രത്യേകതയുണ്ട്. ഇരു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പരസ്പരം സ്വാഗതമരുളുന്ന സ്വീകരണ കവാടമായിരുന്നിരിക്കാം പാലം നിർമ്മിച്ച സ്റ്റുവർട്ട് ഉദ്ദേശിച്ചിരിക്കുക.
ചുരുക്കത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉപേക്ഷിച്ചു പോയിട്ടുള്ളതിൽ നിർമ്മാണങ്ങളിൽ ഏറ്റവും കൗതുകവും വിസ്മയവും ജനിപ്പിച്ചിട്ടുള്ള ഒന്ന് ഇരിട്ടി പാലമായിരിക്കും. 1931 ൽ ആരംഭിച്ച പാലം പണി 48 മീറ്ററുകളുള്ള മൂന്ന് സ്പാനുകളിലായി മൂന്ന് വർഷമെടുത്ത് 1933 ലായിരുന്നു ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
സർക്കാരിന്റെ പുതിയ പാലം
ഒമ്പത് പതിറ്റാണ്ടു കാലത്തെ നാട്ടുകാരുടെ നിത്യവിസ്മയത്തിനും സഞ്ചാരികളുടെ ആകർഷണത്തിനും കൗതുകത്തിനും വിരാമമിട്ട് സർക്കാരിൻെറ പുതിയ പാലം യാഥാർത്ഥ്യമായിരിക്കയാണ്. പുതിയ പാലമെന്ന ജനങ്ങളുടെ മുറവിളിക്ക് പതിനേഴ് വർഷത്തെ പഴക്കമുണ്ട്. 2004 ൽ ആരംഭിച്ച പദ്ധതിക്ക് പല കാലങ്ങളിലായി പലപല തടസ്സങ്ങളും നേരിട്ടു. ഒടുവിൽ 2017 ൽ വീണ്ടും പുനരാരംഭിച്ച പാലം രണ്ടാഴ്ച മുമ്പ് (12.04.2021) ന് പൊടുന്നനെ ജനങ്ങൾക്കായി തുറന്ന് കൊടുത്തു. കോവിഡ് പ്രോട്ടോക്കോളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുമായതിനാൽ ഔദ്യോഗിക ഉദ്ഘാടനമൊന്നുമുണ്ടായില്ല. കുറച്ച് ജനപ്രതിനിധികളും സാമൂഹ്യ സാംസ്്കാരിക പ്രവർത്തകരും നാട്ടുകാരും നടന്നു കൊണ്ട് പാലം യാഥാർത്ഥ്യമാക്കി.
കണ്ണൂരിന് പൊതുവിലും ഇരിട്ടിക്ക് വിശേഷിച്ചും തിലക ക്കുറിയായിരുന്ന ഇരിട്ടി പാലം പൈതൃകമായി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന പാലിക്കപ്പെടുമോ എന്നത് കണ്ടറിയണം.
മുത്തച്ഛൻ പണിത പാലം കാണാൻ കൊച്ചുമകൻ ഇംഗ്ലണ്ടിൽനിന്ന് ഇരിട്ടിയിലെത്തി
സഞ്ചാരികളെ ഹഠാദാകർഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത, ഇരുമ്പുപാളികൾ കൊണ്ടുള്ള മേൽക്കൂരയിൽ ഭാരം താങ്ങുന്ന സാങ്കേതിക വിദ്യകൊണ്ട് മുത്തച്ഛൻ നിർമ്മിച്ച ഇരിട്ടി പാലത്തിന്റെ എഞ്ചിനീയറിങ് വൈദഗ്ധ്യം കാണാൻ കടൽ കടന്ന് ചെറുമകൻ ഇംഗ്ലണ്ടിൽ നിന്നും ഇരിട്ടിയിലെത്തി. 1933 ൽ തന്റെ മുത്തച്ഛൻ നിർമ്മിച്ച പാലം കാണാൻ അത് പണിത ഏണസ്റ്റ് ജയിംസ് സ്റ്റുവാർഡിന്റെ കൊച്ചുമകൻ ആന്റണി ടോൺസ് ആണ് 74 വർഷങ്ങൾക്ക് ശേഷം പാലം കാണാനായി 2007 - ൽ ഇരിട്ടിയിലെത്തിയത്. ഏറെ നേരം പാലനിർമിതിയുടെ അനാദ്യന്തവിസ്മൃതിയിൽ സ്വയം ലയിച്ചിരുന്നു, വാസ്തുശിൽപത്തിന്റെ പുതിയ ടെക്‌നിക്കുകൾ കരഗതമാക്കിയ ആന്റണി ടോൺസ്.
മലയോരത്തെയും അന്തർ സംസ്ഥാനത്തെയും പരസ്പരം ബന്ധിപ്പിച്ചിരുന്നതും കുടിയേറ്റ കർഷകരെ ആകർഷിച്ചിരുന്നതുമായ ഈ പാലം പിൽക്കാലത്ത് തകർച്ചയുടെ വക്കിലെത്തുകയായിരുന്നു. കാലപ്പഴക്കം കാരണമുള്ള ബലക്ഷയം മാത്രമായിരുന്നില്ല കാരണം. സുരക്ഷിതത്വത്തിനായുള്ള വേഗ-ഭാര നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ പോയതും വമ്പൻ ഭാരമുള്ള കണ്ടയ്‌നർ ലോറികളടക്കം ക്രമരഹിതമായി കയറിയിറങ്ങി മേൽക്കൂരയിൽ തട്ടി തകരുന്നത്, നിത്യസംഭവമായതും കാരണമായിരുന്നു.
പാലത്തിന്റെ ഇരു കൈകൾ വഴി പുഴയ്ക്കക്കരെക്ക് വലിച്ചു കൊണ്ടു പോയിരുന്ന ഭാരമേറിയ പൈപ്പ് ലൈനുകളും കട്ടിയേറിയ കേബിൾ ടി.വി വയറുകളും ഇലക്ട്രിസിറ്റി ടെലഫോൺ വാട്ടർ അതോറിറ്റികളുടെയും മറ്റ് സ്വകാര്യ വ്യക്തികളുടെതുമടക്കമുള്ള ടൺ കണക്കിന് ഭാരങ്ങൾ കൂടി താങ്ങേണ്ടി വന്നതും പാലത്തിന്റെ ബലക്ഷയത്തിന് മുഖ്യ കാരണമായി.
നാടിന്റെ വളർച്ചയ്ക്കും വികസനത്തിനും വർധിച്ചു വരുന്ന ജനബാഹുല്യത്തിനും ആനുപാതികമായി പാലത്തിന് വീതിയില്ലാത്തതുൾപ്പെടെയുള്ള ഗതാഗതക്കുരുക്കുകളും അപകടഭീഷണിയും കൂടിയായതോടെ പുതിയൊരു പാലത്തിന്റെ സാധ്യതകൾക്ക് വേഗമേറി.