ശിവപ്രിയ സുരേഷ്‌വശ്യസുന്ദരമായ ആലാപന ശൈലിയിലൂടെ സംഗീതലോകത്തിന്റെ ഹൃദയം കവർന്ന ശിവപ്രിയ സുരേഷ്, ഖത്തറിന്റെ സ്വന്തം ഗായികയാണ്. ചെറുപ്രായത്തിലേ ഖത്തറിലെ വേദികളിൽ നിറഞ്ഞുനിൽക്കുന്ന ബിർള പബ്ളിക് സ്‌കൂളിലെ എട്ടാം ക്ലാസുകാരിയായ ഈ ഗായികക്ക് ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ നിറമുള്ള സ്വപ്നങ്ങളുണ്ട്.
കണ്ണൂർ സ്വദേശികളായ സുരേഷിന്റേയും മഞ്ജുഷയുടെ മൂന്ന് മക്കളിൽ രണ്ടാമത്തവളായ ശിവപ്രിയ ഒന്നാം ക്ളാസ് മുതൽ തന്നെ സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഗീതം അഭ്യസിക്കുന്നുണ്ട്.
ശിവപ്രിയയുടെ മൂത്ത സഹോദരി ശ്രീലക്ഷ്മി നൃത്തത്തിലും ഇളയ അനുജൻ വിഷ്ണു ദേവ് ആർട്ടിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖത്തർ പെട്രോളിയത്തിലെ ഉദ്യോഗസ്ഥനായ സുരേഷും ഖത്തർ കെൻസിൽ ജോലി ചെയ്യുന്ന മഞ്ജുഷയും മൂന്ന് കുട്ടികൾക്കും അവരുടെ അഭിനിവേശം പിന്തുടരുന്നതിനുള്ള സാമൂഹ്യപരിസരമൊരുക്കിയാണ് വിവിധ മേഖലകളിൽ വളരാനുള്ള വഴികാണിച്ചത്.
ആലപ്പുഴ മുഹമ്മ സ്വദേശി വിനീത് മോഹനാണ് ശിവപ്രിയയെ ഒരു നല്ല ഗായികയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. സ്‌ക്കൂളിലെ എല്ലാ അധ്യാപകരും ഈ കൊച്ചുമിടുക്കിയ നന്നായി പ്രോൽസാഹിപ്പിച്ചവരാണ്. സ്‌ക്കൂൾ പ്രിൻസിപ്പൽ എ.പി. ശർമ, വൈസ് പ്രിൻസിപ്പൽ രാജേഷ് പിള്ള, ആർട് അധ്യാപകനായ രജിന്റ്, മ്യൂസിക് അധ്യാപകൻ മാർഷൽ ഡി സിൽവ, മലയാളം അധ്യാപകൻ ഷിജു എന്നിവരുടെ പിന്തുണയും പ്രോൽസാഹനവും നന്ദിയയോടെ മാത്രമേ ഓർക്കാനാകൂ.
ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതൊക്കെയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും അനുഗ്രഹാശിസ്സുകളോടെയാണെന്നാണ് ശിവപ്രിയ കരുതുന്നത്. ഒന്നാം ക്ലാസ് മുതൽ തന്നെ സ്‌കൂളിലെ വ്യത്യസ്ത മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയ ശിവപ്രിയ സ്‌കൂളിന്റെ കലാതിലകം പട്ടം ചൂടിയിട്ടുണ്ട്. കർണാടിക്, വെസ്റ്റേൺ മ്യൂസിക്, ലൈറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലാണ് ശിവപ്രിയ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആറാം ക്ളാസിൽ പഠിച്ചുകൊണ്ടിരിക്കെ സംഗീത രംഗത്തെ മികവിന് ബിർള പബ്ളിക് സ്‌ക്കൂൾ ശിവപ്രിയയെ പ്രത്യേകം ആദരിച്ചിരുന്നു.
ഏഷ്യാനെറ്റ് റേഡിയോ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ഓണവിരുന്ന്, മാധ്യമം - മീഡിയ വൺ സംഘടിപ്പിച്ച ചിത്രവർഷങ്ങളിൽ, ഗാന്ധാര ആർട്സ് സഫാരി മാളുമായി ചേർന്ന് സംഘടിപ്പിച്ച കുട്ടിപ്പാട്ടുകാർ എന്നീ മൽസരങ്ങളിൽ ഒന്നാം സമ്മാനം നേടിയാണ് ഈ കൊച്ചുഗായിക ഖത്തറിലെ സംഗീതാസ്വാദകരെ ഞെട്ടിച്ചത്. ഐ.സി.സി. സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ മൽസരങ്ങളിലും പലതവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈയിടെ വേൾഡ് മലയാളി കൗൺസിൽ 65 രാജ്യങ്ങളിലായി നടത്തിയ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ക്ളാസിക്കൽ സംഗീതത്തിലും സിനിമാറ്റിക് സോങ് വിഭാഗത്തിലും ഒന്നാം സ്ഥാനം ശിവപ്രിയക്കായിരുന്നു.
അച്ഛനും അമ്മയുമാണ് മിക്കപ്പോഴും പാട്ടുകൾ തെരഞ്ഞെടുക്കുന്നത്. അമ്മയും ചേച്ചിയും പാടുന്നത് കേട്ട് ആവശ്യമായ തിരുത്തുകൾ നിർദേശിക്കും. വീട്ടിൽ നന്നായി പ്രാക്ടീസ് ചെയ്ത ശേഷമേ വേദികളിൽ പാടാറുള്ളൂ. ഇതിനകം നൂറിലധികം പൊതുവേദികളിൽ ഈ എട്ടാം ക്ളാസുകാരി പാടിയെന്നറിയുമ്പോൾ സംഗീതവഴിയിലെ ശിവപ്രിയയുടെ സഞ്ചാരം ഏവരേയും വിസ്മയിപ്പിക്കും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, അറബിക്, ബലൂഷി ഭാഷകളിൽ പാടിയിട്ടുണ്ട്. ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ കമ്മ്യൂണിറ്റിക്കായി വിവിധ സന്ദർഭങ്ങളിൽ സംഘടിപ്പിക്കാറുള്ള പരിപാടികളിലെ നിത്യ സാന്നിധ്യമാണ് ശിവപ്രിയ.
ജാസി ഗിഫ്റ്റ്, സ്റ്റീഫൻ ദേവസ്യ, ഇശാൻ ദേവ്, അഭിജിത് കൊല്ലം, കാവാലം ശ്രീകുമാർ, വയലാർ ശരത് ചന്ദ്ര വർമ, വിദ്യാധരൻ മാസ്റ്റർ എന്നിവരോടൊപ്പം വേദി പങ്കെടുവാൻ അവസരം ലഭിച്ചത് തന്റെ സംഗീത ജീവിതത്തിലെ ഭാഗ്യമായാണ് കരുതുന്നത്.
ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച അന്തിമാനത്തമ്പിളി എന്ന ആൽബത്തിലെ, അന്തിമാനത്തമ്പിളിപോലെ ചന്തമുള്ള പെണ്ണേ എന്ന മനോഹരമായ ടൈറ്റിൽ സോംഗ് സലീം പാവറട്ടിയോടൊപ്പം ചേർന്ന് ആലപിച്ച് ശിവപ്രിയ അനശ്വരമാക്കിയത് സഹൃദയലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ജാസി ഗിഫ്റ്റിനോടൊപ്പം പാടിയ എന്തേ, നിത്യം സുജൂദ്, ഓർമയിലെന്നും, ഈദോണം പറയാതെ, നാദവസന്തം, എന്റെ സ്വാമിയാം ധർമദണ്ഡകൻ, കൊയ്ത്തുകഴിഞ്ഞെടി പെണ്ണെ.. എന്ന് തുടങ്ങി 14 മലയാളം, ഒരു ഹിന്ദി, ഒരു ബലൂഷിയടക്കം 18 ആൽബത്തിൽ പാടിയിട്ടുണ്ട്.
ഖത്തറിലെ കലാ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേരുടെ പിന്തുണയും പ്രോൽസാഹനവും തനിക്ക് പ്രചോദനമായതായി ശിവപ്രിയ ഓർക്കുന്നു. ഐ.സി.സി. പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, സംഗീത സംവിധായകൻ അൻഷാദ് തൃശൂർ, മാപ്പിള കലാ അക്കാദമിയിലെ മുഹ്സിൻ തളിക്കുളം, ദോഹ വേവ്സ് ചെയർമാൻ മുഹമ്മദ് ത്വയ്യിബ്, ഗായകൻ സലീം പാവറട്ടി, മെഹ്ഫിൽ ദോഹയിലെ ഹിദായത്ത്, സൗണ്ട് എഞ്ചിനീയർ സലീം, ഡോ. അനൂപ്, സുരേഷ് ബാബു പണിക്കർ, റാഫി, റഫീഖ് പോക്കാക്കി, മുരളി മഞ്ഞളൂർ, രതീഷ് മാത്രടൻ, അൻവർ കണ്ണൂർ എന്നിവർ പ്രത്യേക പരാമർശമർഹിക്കുന്നു.
ജീവിതത്തിൽ ഒരു ഐ.എ.എസുകാരിയാവുകയാണ് തന്റെ സ്വപ്നമെന്ന് വ്യക്തമാക്കിയ ശിവ പ്രിയ പാട്ടിനെ തന്റെ പാഷനായി കൊണ്ടു നടക്കാനാണ് ആഗ്രഹിക്കുന്നത്. ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ മനസിന് കുളിരുപകരുന്ന ദിവ്യ ഔഷധമായ സംഗീതത്തെ മാനവ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും വാടാമലരുകൾ വിരിയിക്കാൻ പ്രയോജനപ്പെടുത്താനാകുമെന്നും ഈ കൊച്ചുഗായിക അടയാളപ്പെടുത്തുന്നു.