നടന്നു തീർത്ത വഴികളിലെ വസന്തപ്പെയ്ത്തുകളുടെയും നോവുതിർന്ന വേനൽച്ചൂടുകളുടെയും നനവുതിർന്ന ഭൂതകാല സ്മരണകളിലേക്ക് ചിന്തകളെ തിരിച്ചു നടത്തുവാൻ ശ്രമിക്കുകയാണ് യുവ എഴുത്തുകാരൻ ഇർഷാദ് എ .പി തന്റെ 'നടപ്പാതയിലെ ശേഷിപ്പുകൾ 'എന്ന കവിതാ സമാഹാരത്തിലൂടെ.
ബാല്യകാലത്തിന്റെ നിറമുള്ള ബലൂണുകളുടെയും നിറം മങ്ങിയ കുപ്പായങ്ങളുടെയും വർണ്ണവർണ്ണാഭങ്ങളുടെ ലോകത്തേക്ക് തിരിച്ചു നടക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. കുഞ്ഞു മനസ്സിലെ വലിയ ചിന്തകളും കുട്ടിക്കുറുമ്പുകളുമെല്ലാം വർത്തമാന കാലത്തെ തിരക്കുപിടിച്ച ജീവിതക്കുതിപ്പിൽ പലപ്പോഴും നിറം മങ്ങലിലെ വർണങ്ങളാവുന്നു.
അച്ഛൻ കൊണ്ടുവരുന്ന പലഹാരപ്പൊതികൾക്കായി ഉമ്മറപ്പടിയിൽ കാത്തു നിന്നിരുന്ന ബാല്യവും, സുഹൃത്തിന്റെ കയ്യിൽ വീഴുന്ന ചൂരലിന്റെ വേദന തന്റെ കൂടി വേദനയായി മാറിയതും, മഷിത്തണ്ടുകളും, പെൻസിലുകളും ജന്മം നൽകിയ സൗഹൃദങ്ങളും, മഞ്ചാടിക്കുരുവിന്റെയും കണ്ണുകളുള്ള കുന്നിക്കുരുക്കളുടെയും ലോകം, പുസ്തകത്താളുകളിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ച മയിൽപ്പീലികൾ പെറ്റു പെരുകാൻ വേണ്ടി കാണിക്കവെച്ചതുമെല്ലാം മാമ്പൂമണക്കുന്ന ബാല്യകാല സ്മരണകളാവുന്നു .
വിദ്യാലയ ജനാലയുടെ അടക്കം പറച്ചിലുകളുടെ ഒച്ചയനക്കങ്ങൾക്കനുസരിച്ചു ഇടമുറിയാതെ പെയ്യുന്ന മഴയുടെ ഏറ്റക്കുറച്ചിലുകളും, നഴ്‌സറി കാലത്തെ 'ഉപ്പുമാവും' ഉച്ചയൂണിന് സ്റ്റീൽ പ്ലേറ്റിൽ കിട്ടുന്ന 'കഞ്ഞിയും പയറും' ഒന്നും നൂതനകാലത്തിന്റെ തീൻ മേശകളിൽ നിരത്തുന്ന വൈവിധ്യം നിറഞ്ഞ രുചിഭേദങ്ങളിലെവിടെയും പകരം വെക്കാൻ കഴിയാത്തവയാണ്.
ഉത്തരവാദിത്തങ്ങളുടെയും ജീവിതഭാരങ്ങളുടെയും കുത്തൊഴുക്കുകളില്ലാത്ത നിഷ്‌കളങ്കതയും കുട്ടിക്കുറുമ്പുകളും കുസൃതികളും മാത്രം നിറഞ്ഞൊരു ലോകം ശരിക്കും വല്ലാത്തൊരനുഭൂതി തന്നെയാണ്.
ഇത്തരം ഒരുപാടൊരുപാട് ഓർമകളുടെ മേച്ചിൽപ്പുറങ്ങളിലേക്കാണ് കാവ്യാസ്വാദകരെ കവി തന്റെ കവിതകളിലൂടെ കൈ പിടിച്ചു നടത്താൻ ശ്രമിക്കുന്നത് . ബാല്യം പടികടക്കുമ്പോൾ പിന്നിയിട്ട മുടിയിഴകളിലെ ചുവന്ന റിബണുകളും മുട്ടറ്റം തുന്നിയ പാവാടയും ,പിന്നിടുന്ന വഴികളെ വിളിച്ചുണർത്തുന്ന വെള്ളികൊലുസ്സുകളുടെ നാദവും ഇന്നും മനസ്സുകളിലേക്ക് ഓടിയെത്തുന്നു. തുറന്നു പറയാൻ മടിച്ച പ്രണയം വിമാനങ്ങളായും ലൈബ്രറി പുസ്തകത്താളുകളിലെ അക്ഷരങ്ങളായും മിന്നിമറഞ്ഞതും ഭൂതകാലത്തിലെ ഉള്ളടക്കങ്ങളായി കണ്ടെത്താം .
'പണ്ട് നനഞ്ഞ മഴയിൽ
മറന്നുപോയൊന്നിനെക്കുറിച്ച്
ഇന്നിപ്പോഴോർക്കുന്നു
തിരിച്ചു കിട്ടാത്ത നേരങ്ങളാണവ
തിരിഞ്ഞു നോക്കാൻ കൊതിക്കുന്നവയും'
കടന്നുപോയ കാലത്തെ സന്തോഷങ്ങളെക്കുറിച്ചും തിരികെ കിട്ടില്ലെന്നുറപ്പുള്ള നിമിഷങ്ങളെക്കുറിച്ചുമുള്ള നഷ്ടബോധം നോവായി തുടിച്ചു നിൽക്കുന്നത് കാണാം ഈ വരികളിൽ .
'പുത്തൻ മണമുള്ള പുസ്തകത്തിന്റെ
പുറം ചട്ടയിലൊരാൾ
ചാരുകസേരയിലിരിക്കുന്നു
വട്ടക്കണ്ണട,
തലയിലൊരു കൈ
കസേരപ്പടിയിലൊന്നും '
അക്ഷര സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് 'മുടിയില്ലാത്ത ബഷീർ 'എന്ന കവിതയിലെ ഭാഗങ്ങളാണ് .ബാല്യകാല സ്മരണകളിലെന്നും ഓടിയെത്തുന്ന വട്ടക്കണ്ണടയും ചാരുകസേരയുമൊക്കെ ഇവിടെയും സ്ഥാനം പിടിച്ചിട്ടുണ്ട് .
'അങ്ങാടിക്കാഴ്ചകൾ
അച്ഛന്റെ വിരലിൽ
തൂങ്ങിപ്പിടിച്ച് നടന്നു കാണുമ്പോഴാണ് അലമാരക്കൂട്ടിലെ അടക്കിയൊതുക്കിവെച്ച
ചുവപ്പ് ജിലേബി
വായിൽ വെള്ളം നിറച്ചത് '
ബാല്യകാലത്ത് കവിയുടെ കുഞ്ഞിളംമനസ്സിന്റെ നിഷ്‌കളങ്കമായ ജിലേബിയോടുള്ള കൊതിയാണ് വരികളിൽ കാണുന്നതെങ്കിൽ
'വാശി പിടിച്ചച്ഛന്റെ
വിരലിലാഞ്ഞു വലിക്കുമ്പോഴാണ് മൗനമായ് തേങ്ങിയ
കണ്ണുകൾ കണ്ടത് '
അതേ സമയം സമൂഹത്തോടുള്ള കവിയുടെ ഇടപെടലുകളും പൊതു ബോധത്തെ തൊട്ടുണർത്തുന്നതുമായ വരികളും കവി 'വിശപ്പ്' എന്ന തന്റെ കവിതയിലൂടെ വരച്ചു കാട്ടുന്നു.
കാലികമായി തോന്നിയ 'കേരളം 'എന്ന ശീർഷകത്തിലെ കവിതയിൽ പണ്ടത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിലുള്ള വൈരുധ്യങ്ങൾ തുറന്ന ചർച്ചയിലേക്കാണ് വഴിതെളിക്കുന്നത് .
തന്റെ നാടിന്റെ ദുരവസ്ഥയിൽ വിങ്ങിപ്പൊട്ടുന്ന കവിഹൃദയമാണ് തന്റെ വരികളിലൂടെ കവി പ്രകടമാക്കുന്നത്. തെങ്ങോല തഴുകുന്ന കുളിർ കാറ്റിനുപോലും ചോരയുടഞ്ഞ മണമുണ്ടെന്നും ജാതിയുടെയും വിവേചനത്തിന്റെയും ചുവയുണ്ടെന്നും കവി ആകുലതപ്പെടുന്നു.
വെള്ളാരംകല്ലുകൾ, പട്ടം, ഓലക്കാസറ്റുകൾ, മൈലാഞ്ചിച്ചെടി, ഓണം, ഉത്സവം, ആകാശവാണി, വിശപ്പ്, ചെമ്പരത്തി, പള്ളിക്കൂടം, മുടിയില്ലാത്ത ബഷീർ, കേരളം തുടങ്ങിയവയെല്ലാം 'നടപ്പാതയിലെ ശേഷിപ്പുകളിൽ' ഇടം പിടിച്ചിട്ടുണ്ട്. പെൻഡുലം ബുക്‌സ് പ്രസാധനം നിർവഹിച്ച കവിതാ സമാഹാരത്തിൽ 33 കവിതകളുണ്ട്. കഴിഞ്ഞകാല സ്മൃതികളിലേക്കുള്ള തിരിച്ചു പോക്കിൽ വൈവിധ്യമാർന്ന ഓരോ കവിതയും വായനക്കാരന്റെ ഹൃദയം കവരുമെന്നതിൽ തർക്കമില്ല.
'പരാജിതരുടെ ആകാശം', 'പെൺതുമ്പി ' എന്നീ രണ്ടു കവിതാ സമാഹാരങ്ങളിലൂടെ വായനക്കാരുടെ മനം കവർന്ന പ്രവാസി എഴുത്തുകാരി റസീന കെ.പിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
നടപ്പാതയിലെ ശേഷിപ്പുകൾ
പ്രസാധകർ: പെൻഡുലം ബുക്‌സ്