റിയാദ് - വിദേശ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സംവിധാനം അടുത്ത വര്‍ഷം മാര്‍ച്ചിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വ്യക്തമാക്കി.
ടൂറിസ്റ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെയും ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തി.
സൗദിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നതിനും വിനോദ സഞ്ചാര, ദേശീയ പൈതൃക മേഖലകളില്‍ പശ്ചാത്തല സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനും ടൂറിസ്റ്റ് വിസ സഹായിക്കും. കരടു ടൂറിസ്റ്റ് വിസാ നിയമാവലി തയാറാക്കി കഴിഞ്ഞിട്ടുണ്ട്. വൈകാതെ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അത് അംഗീകരിക്കും.
ടൂറിസ്റ്റ് വിസകള്‍ ഇഷ്യു ചെയ്യുന്നതിനുള്ള ഇലക്‌ട്രോണിക് സംവിധാനം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിദേശ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കമ്മീഷനിലെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ചുവരികയാണ്. ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിന് കമ്മീഷനെയും വിദേശ മന്ത്രാലയത്തെയും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനെയും പരസ്പരം ബന്ധിപ്പിക്കും. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കമ്മീഷന്‍ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
2008-2010 കാലത്ത് സൗദി അറേബ്യ പരീക്ഷണാടിസ്ഥാനത്തില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചിരുന്നു. അക്കാലത്ത് 32,000 ലേറെ വിദേശികള്‍ ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. കമ്മീഷന്‍ ലൈസന്‍സുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് ഇവര്‍ക്ക് വിസകള്‍ അനുവദിച്ചത്. ഇത്തരം വിസകള്‍ വലിയ സാമ്പത്തിക ഫലങ്ങള്‍ നല്‍കുമെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിപുലമായ രീതിയില്‍ ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമം. തീരപ്രവദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിന് സ്ഥിരം കമ്മിറ്റി സ്ഥാപിക്കുന്നതിും കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. തീരപ്രദേശങ്ങളില്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും ഇവിടങ്ങളില്‍ വിനോദ സഞ്ചാര വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മിറ്റി പ്രവര്‍ത്തനം സഹായിക്കും.