ജിദ്ദ- സൗദിയിൽ വിമാനയാത്രക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാണെന്ന ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അറിയിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികൾ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സൗദിയിൽ വിമാനയാത്രക്ക് കോവിഡ് വാക്‌സിനേഷനോ തവക്കൽനാ ആപ്പിൽ കോവിഡില്ലെന്ന സ്റ്റാറ്റസോ വേണമെന്ന് അഥോറിറ്റിയുടെ അറിയിപ്പ് വന്നത്. എന്നാൽ ഇത് എങ്ങിനെയാണ് സാധ്യമാകുക എന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.
വാക്‌സിനേഷൻ:
നിലവിൽ സൗദിയിൽ കോവിഡ് വാക്‌സിൻ എടുത്ത ഒരാളുടെ വിവരം സൈഹതി ആപ്പിൽ ലഭ്യമാണ്. ഇതേ വിവരം തവക്കൽനാ ആപ്പിലുമുണ്ട്. വാക്‌സിൻ എടുത്തയാളാണ് എന്ന സ്റ്റാറ്റസാണ് തവക്കൽനാ ആപ്പിലുള്ളത്. വിമാനയാത്ര ചെയ്യുന്ന വേളയിൽ ഇത് ബോർഡിംഗ് പാസ് അനുവദിക്കുന്ന കൗണ്ടറിൽ കാണിച്ചാൽ മതിയാകും. അതായത്, വാക്‌സിൻ എടുത്ത ഒരാൾക്ക് സൗദിയിൽനിന്ന് ബോർഡിംഗ് പാസ് ലഭിക്കും.
അതേസമയം, മലയാളികൾ അടക്കമുള്ള പ്രവാസികളിൽ ചിലർ ഇപ്പോഴും വാക്‌സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. നാട്ടിലെത്തിയ ശേഷം വാക്‌സിൻ എടുക്കാം എന്ന ആലോചനയിലാണ് ചിലരുള്ളത്. എന്നാൽ, രണ്ടു ഡോസ് വാക്‌സിൻ എടുത്ത ശേഷം വിമാനയാത്ര ചെയ്യുന്നതാകും നല്ലത് എന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു.
കോവിഡില്ല എന്ന സ്റ്റാറ്റസ്
ഒരാൾ കോവിഡ് ബാധിതനാണെങ്കിൽ അക്കാര്യം തവക്കൽനാ ആപ്പിലുണ്ടാകും. സൗദിയിലെ മാളുകളിൽ പ്രവേശിക്കുന്നതിന് തവൽക്കനാ ആപ്പ് നിർബന്ധമാണ്. ഒരാൾ കോവിഡ് ബാധിതനാണെങ്കിൽ, ഔദ്യോഗികമായ പരിശോധന കഴിഞ്ഞിട്ടുണ്ടെങ്കിൽ ആപ്പിൽ ചുവപ്പ് മാർക്ക് കാണിക്കും. കോവിഡ് രോഗം പൂർണമായും ഭേദമായ ശേഷം പരിശോധനയിൽ നെഗറ്റീവായാൽ ആപ്പിൽ പച്ചയാകും. എന്നാൽ, കോവിഡ് ബാധിതനാണ് എന്ന നിലയാണ് തവക്കൽനാ ആപ്പിലെങ്കിൽ അവർക്ക് വിമാനയാത്ര സാധ്യമാകില്ല. അതായത് തവക്കൽനാ ആപ്പിൽ ഒരാളുടെ സ്റ്റാറ്റസ് കോവിഡ് ബാധിതനല്ല എന്നാണെങ്കിൽ അയാൾക്ക് ബോർഡിംഗ് പാസ് ലഭിക്കും. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, തവക്കൽനാ ആപ്പിൽ കോവിഡുണ്ട് എന്ന സ്റ്റാറ്റസുള്ള ഒരാൾക്ക് സൗദിയിലെ മാളുകളിലോ മറ്റോ നിലവിൽ പ്രവേശിക്കാൻ കഴിയില്ല. വിമാനയാത്രക്കും ഇത്തരക്കാർക്ക് അനുവാദമുണ്ടാകില്ലെന്ന് ചുരുക്കം. അതായത്, യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ കോവിഡ് ബാധിതനല്ലെങ്കിൽ അയാൾക്ക് ബോർഡിംഗ് പാസ് ലഭിക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധമില്ല. നേരത്തെ കോവിഡ് വന്ന ഒരാൾക്ക് അസുഖം ഭേദമായാൽ സ്വാഭാവികമായും തവക്കൽനാ ആപ്പിൽ കോവിഡില്ല എന്ന സ്റ്റാറ്റസുണ്ടാകും. ഓരോരുത്തരുടെയും പേരിലുള്ള തവക്കൽനാ ആപ്പിൽ യാത്രക്ക് ഒരുങ്ങുന്ന സമയത്ത് എന്താണോ ഉള്ളത് അതായിരിക്കും അവർക്ക് ബോർഡിംഗ് പാസ് ലഭിക്കാനുള്ള മാനദണ്ഡമെന്ന് ചുരുക്കം.
വിമാനയാത്ര മുടങ്ങിയാൽ പണം നഷ്ടപ്പെടുമോ
വാക്‌സിനേഷനോ, തവക്കൽനാ ആപ്പിൽ കോവിഡ് ബാധിതനല്ല എന്ന നിലയോ ഇല്ലാത്തതിന്റെ പേരിൽ വിമാനയാത്ര മുടങ്ങുകയാണെങ്കിൽ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ, ഇവർക്ക് യാത്ര പുനക്രമീകരിക്കാനാകും എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ
നിലവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സർട്ടിഫിക്കറ്റ് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ തീരുമാനവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയിലേക്ക് വരണമെങ്കിൽ നിശ്ചിത സമയത്തിന് മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.