കൽപറ്റ- ദേശീയ സ്മാരകങ്ങളായി പ്രഖ്യാപിച്ചിട്ടും വയനാട്ടിലെ പനമരം പുഞ്ചവയലിനു സമീപമുള്ള കല്ലമ്പലങ്ങളുടെ സംരക്ഷണത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ഉദാസീനത. പനമരം-നീർവാരം റോഡരികിലുള്ള വിഷ്ണുഗുഡിയും പനമരം-നടവയൽ റോഡിനോടു ചേർന്നു സ്വകാര്യ തോട്ടത്തിലുള്ള ജനാർദന ഗുഡിയുമാണ് അവഗണനയുടെ ചതുപ്പിൽ. വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട രണ്ടു സ്മാരകങ്ങളും ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ തകർന്നടിയാൻ ഏറെ വൈകില്ലെന്നു ചരിത്ര സ്‌നേഹികൾ പറയുന്നു. ദേശീയ സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2015 സെപ്റ്റംബറിൽ വിജ്ഞാപനം ചെയ്തതാണ് വിഷ്ണുഗുഡി.
ഇതിനു പിന്നാലെ ജനാർദന ഗുഡിയെയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തി കല്ലമ്പലങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. വർഷങ്ങൾ മുൻപ് മഴക്കാലത്ത് തകർന്ന വിഷ്ണുഗുഡിയുടെ ഗോപുരമടക്കം ഭാഗങ്ങൾ നാശത്തിന്റെ വക്കിലാണ്. കുത്തു കൊടുത്തു നിർത്തിയ അവസ്ഥയിലാണ് വിഷ്ണുഗുഡിയുടെ ഭാഗങ്ങൾ. വിഷ്ണുഗുഡിയിൽനിന്നു ഏകേദേശം 700 മീറ്റർ മാറിയാണ് ജനാർദനഗുഡി. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ വിഷ്ണുഗുഡി സന്ദർശിച്ചിരുന്നു. ജീർണാസ്ഥയിലുള്ള കല്ലമ്പലം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി ഉടൻ തയാറാക്കുമെന്നു ഉദ്യോഗസ്ഥർ അന്ന് അറിയിച്ചെങ്കിലും കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല.
നാശം നേരിടുന്ന കല്ലമ്പലങ്ങൾ ആൻഷ്യന്റ് മോണുമെന്റ്‌സ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്‌സ് ആൻഡ് റിമൈൻസ് (ഭേദഗതി) നിയമ പ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാർശ ചെയ്ത് എ.എസ്.ഐ ഡയറക്ടർക്ക് തൃശൂർ സർക്കിൾ ഓഫീസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാർദനഗുഡിയും ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. രണ്ട് കല്ലമ്പലങ്ങളുടേയും ചരിത്രപരമായ പ്രത്യേകതകൾ, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്.
കൽത്തൂണുകളും പാളികളും ഉപയോഗിച്ചു നിർമിച്ചതാണ് വിഷ്ണുഗുഡിയും ജനാർദനഗുഡിയും. കൊത്തുപണികൾ നിറഞ്ഞാണ് രണ്ടു കല്ലമ്പലങ്ങളിലേയും ഓരോ തൂണും പാളിയും. വിഷ്ണുഗുഡിയിലെ ശിലാപാളികളിലൊന്നിൽ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ നിർമിച്ചതാണ് വിഷ്ണു, ജനാർദന ഗുഡികളെന്നാണ് ചരിത്രകാരൻാരുടെ അഭിപ്രായം. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കൻമാരാണ് കല്ലമ്പലങ്ങൾ പണിതതെന്നാണ് ചരിത്രകാരൻമാരിൽ ചിലരുടെ അഭിപ്രായം. ദക്ഷിണ കന്നഡയിൽനിന്ന് വയനാട് വഴി പടിഞ്ഞാറൻ കടൽത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങൾ പണിതതെന്ന് അഭിപ്രായപ്പെടുന്നവരും ചരിത്രകാരൻമാർക്കിടയിലുണ്ട്. മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പ്രസിദ്ധമായിരുന്നു പുഞ്ചവയലിനോടു ചേർന്നുള്ള പ്രദേശങ്ങളെന്നു ചരിത്രകാരൻ മുണ്ടക്കയം ഗോപി പറയുന്നു.