തുറൈഫ്- സൗദിയുടെ ഉത്തര പ്രവിശ്യയുടെ അറ്റത്തുള്ള തുറൈഫ് ജംഇയ്യ ഖൈരിയ്യക്ക് തിരുഗേഹങ്ങളുടെ സേവകന്‍ 125 ടണ്‍ ഈത്തപ്പഴം എത്തിച്ചു. മേത്തരം ഇനം ഈത്തപ്പഴം അഞ്ചു ട്രെയിലറിലായി വ്യാഴാഴ്ച രാത്രി എത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിതരണം ചെയ്തു. ഖൈരിയ്യയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഗതികള്‍ക്കുമാണ് നല്‍കിയത്. ട്രെയിലറുകളില്‍നിന്ന് തത്സമയം തന്നെ ഉപഭോക്താക്കളുടെ വാഹനങ്ങളിലേക്ക് നേരിട്ട് ഇറക്കി നല്‍കുകയായിരുന്നു. മുന്‍കൂട്ടി അറിയിപ്പു നല്‍കിയതിനാല്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗുണഭോക്താക്കളുടെ വാഹനങ്ങള്‍ ഈത്തപ്പഴം ഏറ്റുവാങ്ങാന്‍ വേണ്ടി ഗോഡൗണ്‍ പരിസരത്ത് നീണ്ട നിരയായി നിന്നു. കുടുംബ അംഗങ്ങളുടെ എണ്ണമനുസരിച്ച് എട്ട് കിലോയുള്ള എട്ട് കാര്‍ട്ടൂണ്‍, പത്ത് കാര്‍ട്ടൂണ്‍, 14 കാര്‍ട്ടൂണ്‍ എന്നിങ്ങനെ വിതരണം നടത്തി. തുറൈഫ് ഗവര്‍ണര്‍ മേല്‍നോട്ടം നടത്തി. സല്‍മാന്‍ രാജാവിന് അദ്ദേഹം നന്ദിയും അറിയിച്ചു.






