Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് പണത്തിന്റെ വരവ് കുറഞ്ഞു; മലബാറില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

മലപ്പുറം- കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കൊപ്പം ഗള്‍ഫ് പണത്തിന്റെ വരവ് കുറയുക കൂടി ചെയ്തതോടെ മലബാര്‍ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് നടപ്പാക്കിയ നോട്ട് നിരോധം, പിറകെയെത്തിയ ജി.എസ്.ടി നികുതി പരിഷ്‌കരണം എന്നിവ മൂലം തളര്‍ന്ന മലബാറിന്റെ സമ്പദ് വ്യവസ്ഥയെ ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രശ്്‌നങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം പകുതിയായി കുറഞ്ഞു. നിര്‍മാണ മേഖല സ്തംഭിച്ചതോടെ തൊഴില്‍ ലഭിക്കാതെ സാധാരണക്കാരായ തൊഴിലാളികളും വലയുകയാണ്. വിപണിയിലും ഈ മാന്ദ്യം വളരെ പ്രകടമാണ്.
നോട്ട് നിരോധനവും അനുബന്ധമായി നടപ്പാക്കിയ ബാങ്കിംഗ് നിയന്ത്രണങ്ങളും മൂലം റിയല്‍ എസ്റ്റേറ്റ് പോലുള്ള വന്‍തുകയുടെ ഇടപാടുകള്‍ നിലച്ചത് മലബാര്‍ ജില്ലകളിലെ സാമ്പത്തിക ഇടപാടുകളെ നേരത്തെ തന്നെ ബാധിച്ചിരുന്നു. നിര്‍മാണ മേഖലയിലും ഈ പ്രതിസന്ധി പ്രകടമായിരുന്നു. ജി.എസ്.ടി വന്നതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപാരം കുറഞ്ഞു. കെട്ടിട വാടക പോലും നല്‍കാനാവാത്ത വ്യാപാര മാന്ദ്യമാണ് വിപണിയിലുള്ളത്.
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രതിസന്ധിയും വരുമാന നഷ്ടവുമാണ് മലബാര്‍ ജില്ലകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറിലെ കുടുബങ്ങളുടെ പ്രധാന വരുമാനം ഗള്‍ഫ് പണമാണ്. മാസം തോറും ഗള്‍ഫില്‍ നിന്ന് അയച്ചു കിട്ടിയിരുന്ന പണം കൊണ്ടാണ് മലബാറിലെ ഭൂരിഭാഗം കുടുംബങ്ങളും പുലരുന്നത്. എന്നാല്‍ ഏതാനും മാസങ്ങളായി കുടുംബച്ചെലവിന് പോലും പണം ഗള്‍ഫില്‍ നിന്ന് ലഭിക്കാത്ത അവസ്ഥയാണ്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശത്തു നിന്നുള്ളവര്‍ കൂടുതലുള്ള രാജ്യങ്ങളിലെ തൊഴില്‍ പ്രതിസന്ധി അവരുടെ നാട്ടിലെ കുടുംബങ്ങളിലും പ്രകടമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മുമ്പ് ഗള്‍ഫ് കുടുംബങ്ങളില്‍ കണ്ടുവന്നിരുന്ന ആര്‍ഭാടം പാടെ ഇല്ലാതായെന്ന് മാത്രമല്ല, അത്യാവശ്യ കാര്യങ്ങള്‍ക്കപ്പുറത്തേക്ക് ഒന്നിനും ചെലവിടാന്‍ പണില്ലാത്ത അവസ്ഥയിലാണ് മിക്ക കുടുംബങ്ങളും. വായ്പയെടുത്ത കുടുംബങ്ങളാകട്ടെ തിരിച്ചടവിന് പണമില്ലാതെ വലയുകയാണ്.
ഗള്‍ഫ് വരുമാനത്തിലുണ്ടായ കുറവാണ് വിപണിയെ കൂടുതലായി ബാധിച്ചതെന്ന് വ്യാപാരികളും പറയുന്നു. ഗള്‍ഫില്‍ നിന്നുള്ള പണം വരവ് കുറഞ്ഞതോടെ കുടുംബങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് കുറഞ്ഞു. വ്യാപാര മേഖലയില്‍ ഇത് പ്രകടമാണിപ്പോള്‍. വസ്ത്ര വ്യാപാര മേഖലയിലും ഫാന്‍സി കടകളിലും വരുമാനം കുറയാന്‍ ഇത് ഇടയാക്കി. ഹോട്ടലുകളില്‍ നിന്നു കുടുംബസമേതം ഭക്ഷണം കഴിക്കുന്ന ശൈലിയിലും കുറവു വന്നു. ഇതോടെ വലിയ ഹോട്ടലുകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പല ഹോട്ടലുകളിലും എയര്‍ കണ്ടീഷന്‍ വിഭാഗം അടച്ചിട്ടിരിക്കുകയാണ്. ജി.എസ്.ടി വന്നതോടെ ഭക്ഷണ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവും വില്‍പ്പനയില്‍ ഇടിവ് സംഭവിക്കാന്‍ നിമിത്തമാണ്.
ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധിയില്‍ അയവു വന്നാല്‍ മാത്രമേ മലബാറിലെ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാകൂ എന്നാണ് കരുതപ്പെടുന്നത്. ഗള്‍ഫ് പണം എത്തിയില്ലെങ്കില്‍ നിര്‍മാണ മേഖലയിലും മാന്ദ്യം തുടരും. നാട്ടിലെ തൊഴിലാളികള്‍ക്കും വരുമാനമില്ലാത്തതിനാല്‍ അവരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.

 

 

Latest News